ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ
പ്രദീപ് പുറവങ്കര
ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗിക ടെലിവിഷൻ സ്ഥിരീകരിച്ചു. ശനിയാഴ്ച പുലർച്ചെ സ്വന്തം ഓഫീസിൽ ഔദ്യോഗിക ജോലികളിൽ ഏർപ്പെട്ടിരിക്കെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു. ഖമേനിയുടെ ഓഫീസിനും അനുബന്ധ കെട്ടിടങ്ങൾക്കും ആക്രമണത്തിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായി സാറ്റലൈറ്റ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
ഖമേനി ഒളിവിൽ പോയെന്നത് ശത്രുക്കളുടെ വ്യാജപ്രചാരണം മാത്രമാണെന്നും സ്വന്തം ഓഫീസിൽ വെച്ചുള്ള അദ്ദേഹത്തിന്റെ മരണം ഇതിന് തെളിവാണെന്നും റെവല്യൂഷണറി ഗാർഡുമായി ബന്ധപ്പെട്ട തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഖമേനിയുടെ മരണത്തിന് പിന്നാലെ രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഇസ്രായേലുമായി സഹകരിച്ച് ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ സംയുക്ത ആക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടതെന്ന് നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
ഖമേനിയുടെ മരണത്തെക്കുറിച്ച് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഔദ്യോഗിക പ്രസ്താവന ഇറക്കിയെങ്കിലും മരണകാരണത്തെക്കുറിച്ചോ പുതിയ നേതാവ് ആരായിരിക്കുമെന്നതിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. ഖമേനിക്ക് പുറമെ അദ്ദേഹത്തിന്റെ മകൾ, മരുമകൻ, പേരക്കുട്ടി എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഖമേനിയുടെ മറ്റൊരു മരുമകളും കൊല്ലപ്പെട്ടതായി റെവല്യൂഷണറി ഗാർഡുമായി ബന്ധപ്പെട്ട ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
aa


