ഗൾഫിൽ രണ്ടാം ദിവസവും സ്ഫോടന പരമ്പര; ദുബായിലും മനാമയിലും ദോഹയിലും വിറപ്പിച്ചു ഇറാന്റെ മിസൈൽ വർഷം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഇറാന് നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ വർഷം രണ്ടാം ദിവസമായ ഞായറാഴ്ചയും തുടരുന്നു. ദുബായ്, മനാമ, ദോഹ എന്നിവിടങ്ങളിൽ ഞായറാഴ്ച പുലർച്ചെയും വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ആക്രമണം നടത്തുന്നതെന്നാണ് ഇറാന്റെ വാദം.
ശനിയാഴ്ച ആരംഭിച്ച ആക്രമണത്തിൽ അബുദാബിയിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. ദുബായിലെ 'ദി പാം' ജുമൈറയിൽ ഉണ്ടായ സ്ഫോടനത്തെത്തുടർന്ന് പുകയും തീയും ഉയർന്നത് ജനങ്ങളെ പരിഭ്രാന്തരാക്കി. യുഎഇക്ക് നേരെ 137 മിസൈലുകളും 209 ഡ്രോണുകളുമാണ് ഇറാൻ പ്രയോഗിച്ചത്. ഇതിൽ ഭൂരിഭാഗവും പ്രതിരോധ സംവിധാനങ്ങൾ തകർത്തുവെങ്കിലും അബുദാബി സായിദ് വിമാനത്താവളത്തിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിന് പുറമെ മിസൈൽ അവശിഷ്ടങ്ങൾ വീണ് അബുദാബിയിൽ ഒരു പാകിസ്ഥാൻ സ്വദേശിയും കൊല്ലപ്പെട്ടു.
ഖത്തറിന് നേരെ ഇറാൻ തൊടുത്തുവിട്ട 65 മിസൈലുകളിൽ എട്ട് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. കുവൈറ്റ് വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. സമാധാനത്തിന്റെ കേന്ദ്രമായിരുന്ന ഗൾഫ് മേഖലയിൽ യുദ്ധം പടരുന്നത് പ്രവാസികൾക്കിടയിലും സ്വദേശികൾക്കിടയിലും വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. മേഖലയിലെ നിലവിലെ സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ വ്യോമപാതകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒമാൻ ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളുടെ ആകാശത്തും ഇറാന്റെ മിസൈലുകൾ പ്രത്യക്ഷപ്പെട്ടത് സ്ഥിതിഗതികൾ അതീവ ഗുരുതരമാക്കുന്നു.


