പശ്ചിമേഷ്യൻ സംഘർഷം: ഇന്നും 444 വിമാനങ്ങൾ റദ്ദാക്കിയേക്കും; ജാഗ്രതാനിർദ്ദേശവുമായി വ്യോമയാന മന്ത്രാലയം
ഷീബ വിജയൻ
ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയെത്തുടർന്ന് രാജ്യത്തെ വിമാന സർവീസുകൾ വൻതോതിൽ തടസ്സപ്പെടുന്നു. ഇറാനിലും മിഡിൽ ഈസ്റ്റിന്റെ മറ്റ് ഭാഗങ്ങളിലും വ്യോമാതിർത്തിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ, മാർച്ച് 1 ഞായറാഴ്ച ഏകദേശം 444 വിമാന സർവീസുകൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു. ഇറാനിൽ യു.എസും ഇസ്രായേലും നടത്തിയ ആക്രമണങ്ങളെത്തുടർന്ന് പശ്ചിമേഷ്യയിലാകെ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യമാണ് വ്യോമഗതാഗതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം ശനിയാഴ്ച മാത്രം ആഭ്യന്തര വിമാനക്കമ്പനികളുടെ 410 സർവീസുകൾ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ചയും സർവീസുകൾ മുടങ്ങുമെന്ന് മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചത്. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ശനിയാഴ്ച ഉന്നതതല ഉദ്യോഗസ്ഥർ യോഗം ചേർന്നിരുന്നു. സുരക്ഷയും പ്രവർത്തന മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡി.ജി.സി.എ (DGCA) വിമാനക്കമ്പനികളുമായി നിരന്തരം ആശയവിനിമയം നടത്തിവരികയാണ്.
യാത്രക്കാരുടെ പരാതികൾ പരിഹരിക്കുന്നതിനായി 'എയർസേവ' (AirSewa) എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം സജീവമാണെന്നും അധികൃതർ വ്യക്തമാക്കി. ഇതുവരെ ഈ പ്ലാറ്റ്‌ഫോം വഴി ലഭിച്ച 216 പരാതികളിൽ 105 എണ്ണം പരിഹരിച്ചതായി മന്ത്രാലയം അറിയിച്ചു. യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് തിരിക്കുന്നതിന് മുൻപ് തങ്ങളുടെ സർവീസുകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ പരിശോധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ADADSASD


