കാറിൽ പിൻസീറ്റ് യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധം; നിയമലംഘനത്തിന് പിഴ

കാറിൽ പിന്‍സീറ്റ് യാത്രക്കാർക്കും സീറ്റ്‌ബെൽറ്റ് നിർബന്ധമാക്കി കേന്ദ്രമന്ത്രി നിതിൽ ഗഡ്കരി. നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്നും മന്ത്രി ചൊവ്വാഴ്ച പറഞ്ഞു. ടാറ്റാ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി കാർ അപകടത്തിൽ മരിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. സൈറസ് മിസ്ത്രി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
പിൻസീറ്റിൽ ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കാത്തപ്പോൾ ബീപ് ചെയ്യുന്ന സുരക്ഷാ അലാറങ്ങൾ ഇനി മുതൽ പിന്‍സീറ്റ് യാത്രക്കാർക്കും ബാധകമാകുന്ന വിധത്തിൽ മാറ്റമുണ്ടാകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. എല്ലാ തരത്തിലുള്ള കാറുകൾക്കും പുതിയ നിയമം ബാധകമായിരിക്കും. പിന്‍സീറ്റിൽ യാത്ര ചെയ്യുന്നവർക്ക് സീറ്റ് ബെൽറ്റ് വേണ്ടെന്നാണ് പൊതുവെ എല്ലാവരുടെയും ധാരണ. അത് ശരിയല്ല, പിന്‍സീറ്റുകാരും സീറ്റ് ബെൽറ്റ് ധരിക്കണം. ഇല്ലാത്തവരിൽ നിന്ന് പിഴ ഈടാക്കും. കുറഞ്ഞ പിഴ 1000 രൂപയായിരിക്കുമെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി. പിഴ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വിഞ്ജാപനമായി പുറത്തിറക്കും. പിഴയിലൂടെ ലഭിക്കുന്ന പണമല്ല സർക്കാരിന്റെ ലക്ഷ്യമെന്നും സുരക്ഷിതത്വവും ജാഗ്രതയും ജനങ്ങൾക്കിടയിലെ ബോധവൽക്കരണവുമാണെന്നും ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ കേന്ദ്രമന്ത്രി വ്യക്തമാക്കുന്നുണ്ട്. വാഹനാപകടങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കും. 2024−ഓടെ റോഡപകടങ്ങളുടെ എണ്ണം 50 ശതമാനമെങ്കിലും കുറയ്ക്കാനുള്ള നടപടികളാണ് ആവിഷ്‌കരിക്കുന്നതെന്നും നിതിന്‍ ഗഡ്കരി അറിയിച്ചു.
xdgcfx