പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. ഇന്ന് വൈകുന്നേരം നാലരയോടെയാണ് പ്രധാനമന്ത്രി നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയത്. ഇന്ന് അദ്ദേഹം ബിജെപി പ്രവർത്തകരുടെ യോഗത്തെ അഭിസംബോധന ചെയ്യും. ആയിരക്കണക്കിന് ബിജെപി പ്രവർത്തകരാണ് അദ്ദേഹത്തെ സ്വീകരിക്കാനായി കൊച്ചിയിലെത്തിയത്. ആറിന് സിയാൽ കൺവൻഷൻ സെന്‍ററിൽ കൊച്ചി മെട്രോ അഞ്ചാം റീച്ച് (പേട്ട−എസ്എൻ ജംഗ്ഷൻ പാത) ഉദ്ഘാടനം, മെട്രോ രണ്ടാംഘട്ടം ശിലാസ്ഥാപനം, വിവിധ റെയിൽവേ പദ്ധതികളുടെ (കുറുപ്പന്തറ− കോട്ടയം− ചിങ്ങവനം പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും, കൊല്ലം− പുനലൂർ പാത വൈദ്യുതീകരണം, എറണാകുളം ജംഗ്ഷൻ എറണാകുളം ടൗൺ കൊല്ലം ജംഗ്ഷൻ എന്നിവയുടെ നവീകരണം, പ്രത്യേക ട്രെയിനുകളുടെ ഫ്ളാഗ് ഓഫ്) ഉദ്ഘാടനം എന്നിവ നിർവഹിക്കും.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പങ്കെടുക്കും. കാലടിയിലെ ആദിശങ്കരക്ഷേത്രം സന്ദർശിക്കും. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് നാളെ രാവിലെ ഒമ്പതരയ്ക്ക് നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിക്കും.