വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. തുറമുഖ നിർമാണ പ്രദേശത്തേക്ക് സമരക്കാർ അതിക്രമിച്ച് കടക്കരുതെന്നും കോടതി വ്യക്തമാക്കി. പ്രതിഷേധങ്ങൾ സമാധാനപരമായി തുടരാം. എന്നാൽ നിർമാണ പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ സമരക്കാർക്ക് അവകാശമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേരള പോലീസിന് സംരക്ഷണം നൽകാൻ സാധിക്കുന്നില്ല എങ്കിൽ കേന്ദ്ര സേനയുടെ സഹായം തേടാമെന്നും കോടതി വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സുരക്ഷ ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും സമർപ്പിച്ച ഹർജികളിൽ ജസ്റ്റീസ് അനു ശിവരാമനാണ് വിധി പ്രസ്താവിച്ചത്.
സമരം കാരണം തുറമുഖ നിർമാണം സ്തംഭിച്ചെന്നും സമരക്കാർ അതീവ സുരക്ഷാ മേഖലയിൽ പ്രവേശിച്ച് നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ടെന്നും പോലീസ് കാഴ്ചക്കാരായി നിന്നെന്നും ഹർജിക്കാർ വാദിച്ചു.
എന്നാൽ ഗർഭിണികളെയും കുട്ടികളെയും മുന്‍നിർത്തിയാണ് സമരമെന്നും അതിനാൽതന്നെ കടുത്ത നടപടികൾ സമരക്കാർക്കെതിരെ സ്വീകരിക്കാനാകില്ലെന്നും സർക്കാർ വ്യക്തമാക്കി. സമരം മത്സ്യതൊഴിലാളികളുടെ ജീവിതത്തെ കാര്യമായി ബാധിക്കുമെന്നും വ്യവസ്ഥകൾ പാലിക്കാതെയുള്ള നിർമാണം അനുവദിക്കില്ലെന്നുമാണ് ഹർജിയിൽ എതിർകക്ഷികളായ വൈദികർ വാദിച്ചത്. കേസ് അടുത്ത മാസം 27ന് വീണ്ടും പരിഗണിക്കും.