'എല്ലാവരും രണ്ടാഴ്ച്ചത്തേക്ക് പ്രൊഫൈല്‍ ത്രിവര്‍ണമാക്കണം'; മന്‍ കി ബാത്തില്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി എല്ലാവരും സമൂഹമാധ്യമങ്ങളിലെ പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും ത്രിവര്‍ണ്ണ പതാക പ്രൊഫൈല്‍ ചിത്രമാക്കണമെന്നാണ് മോദിയുടെ ആഹ്വാനം. ആഗസ്റ്റ് രണ്ട് മുതല്‍ 15 വരെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണം ആക്കണമെന്ന് മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി അറിയിച്ചത്.സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വീടുകളില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തണമെന്ന് നേരത്തേ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിലെ ചിത്രവും ത്രിവര്‍ണ്ണ പതാകയാക്കാന്‍ മോദി ആവശ്യപ്പെട്ടിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ചുള്ള അമൃത് മഹോത്സവത്തിന്റെ ഭാഗമായി 'ഹര്‍ ഘര്‍ തിരംഗ' ക്യാംപയിന്‍ എല്ലാവരും ചേര്‍ന്ന് വിജയിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസംഗത്തിനിടെ ധീര രക്തസാക്ഷി ഉദ്ദം സിംഗിനെ അനുസ്മരിച്ച പ്രധാനമന്ത്രി, സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ 75 റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് സ്വാതന്ത്ര്യ സമര സേനാനികളുടെ പേരിടുമെന്നും അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് നടക്കുന്ന മേളകളില്‍ എല്ലാവരും പങ്കെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.