'കൈ നനയാതെ മീൻ പിടിക്കാൻ ബിജെപി'; ചർച്ചയിൽ ഉരുത്തിരിഞ്ഞത് 'കാത്തിരിപ്പ് നയം' സ്വീകരിക്കാമെന്ന പുതു തന്ത്രം


മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ കാത്തിരിപ്പ് നയം സ്വീകരിക്കാൻ ഭാരതീയ ജനതാ പാർട്ടി. ശിവസേനയിലെ ഇരുപക്ഷങ്ങളും വ്യക്തമായ തീരുമാനത്തിലെത്തിയ ശേഷം മാത്രം നിലപാടെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ വസതിയിൽ തിങ്കളാഴ്ച ചേർന്ന പാർട്ടി യോഗത്തിലാണ് ബിജെപി തന്ത്രത്തിൽ തീരുമാനമായത്. ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീലിന്റെയും മറ്റ് ബിജെപി നേതാക്കളുടെയും സാന്നിധ്യത്തിലായിരുന്നു യോഗമെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അതേസമയം ഉദ്ദവ് താക്കറെ ക്യാമ്പിലെ ഞെട്ടൽ സൃഷ്ടിച്ച് ഉന്നത സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്ത് വിമത എംഎൽഎമാർക്കൊപ്പം ചേർന്നു.

"ബിജെപി കോർ കമ്മിറ്റി യോഗം ചേർന്നു. സുപ്രീം കോടതിയുടെ ഉത്തരവിന് ശേഷം സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി. തന്റെ വിഭാഗമാണ് യഥാർത്ഥ ശിവസേനയെന്ന ഏക്നാഥ് ഷിൻഡെ പറഞ്ഞതും ചർച്ച ചെയ്തു. നിലവിലെ സാഹചര്യത്തിൽ ഭാവിയിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് ഞങ്ങൾ ചർച്ച ചെയ്തു" എന്ന് മുതിർന്ന ബിജെപി നേതാവ് സുധീർ മുങ്കന്തിവാർ യോഗത്തിന് ശേഷം പറഞ്ഞു. രാഷ്ട്രീയ പ്രതിസന്ധി ബിജെപി കാത്തിരുന്ന് കാണുമെന്നും ജനങ്ങളുടെ താൽപര്യം മുൻനിർത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം നിയമസഭ ഡെപ്യൂട്ടി സ്പീക്കർ അയച്ച അയോഗ്യതാ നോട്ടീസിന് മറുപടി നൽകാൻ സുപ്രീം കോടതി ഇളവ് അനുവദിച്ചിട്ടുള്ളത് ഷിൻഡെ ക്യാമ്പിന് ആശ്വാസമാകും. ഇന്ന് വൈകിട്ട് 5.30 നകം ഹരജിക്കാർക്കോ മറ്റ് എം.എൽ.എമാർക്കോ സബ്മിഷൻ സമർപ്പിക്കാൻ ഡെപ്യൂട്ടി സ്പീക്കർ അനുവദിച്ച സമയമാണ് കോടതി ഇടപെട്ട് ജൂലൈ 12 വരെ നീട്ടിയത്. ഹർജിക്കാർക്കോ മറ്റ് എം‌എൽ‌എമാർക്കോ റിട്ട് പെറ്റീഷനിൽ അവരുടെ അവകാശങ്ങൾക്ക് മുൻവിധികളില്ലാതെ മറുപടി സമർപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് കോടതി ഹർജി പരിഗണിക്കവെ വ്യക്തമാക്കി.

സ്വതന്ത്രർ ഉൾപ്പെടെ അമ്പതോളം എംഎൽഎമാരുടെ പിന്തുണ ഷിൻഡെയുടെ വിമതപക്ഷം അവകാശപ്പെടുന്നുണ്ട്. തർക്കങ്ങൾക്കിടയിലും തങ്ങൾ പാർട്ടി വിട്ടിട്ടില്ലെന്നും ശിവസേന (ബാലാസാഹെബ്) എന്ന പേരിൽ പുതിയ വിഭാഗമായി പ്രവർത്തിക്കുമെന്നാണ് ഷിൻഡെ ക്യാമ്പ് വ്യക്തമാക്കുന്നത്. എന്നാൽ ശിവസേനാ സ്ഥാപകനും മുഖ്യമന്ത്രി ഉദ്ധവിന്റെ പിതാവുമായ ബാൽ താക്കറെയുടെ പേര് ഷിൻഡെ പക്ഷം ഉപയോഗിക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണ് ശിവസേന.

ബിജെപിയുമായി ശിവസേന സഖ്യം ചേരണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഷിൻഡെ വ്യക്തമാക്കിയിട്ടുണ്ട്. എൻസിപിയും കോൺഗ്രസും ശിവസേനയുടെ പരമ്പരാഗത ശത്രുക്കളാണ്. അതിനാൽ 'സ്വാഭാവിക' സഖ്യത്തിന് ഉദ്ധവ് താക്കറെ തയ്യാറാവണമെന്ന് വിമത എംഎൽഎ ചിമാൻ റാവു പറയുന്ന വീഡിയോ ഏക്നാഥ് ഷിൻഡെ ട്വീറ്റ് ചെയ്തു. നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന എംഎൽഎമാർ നിലവിൽ ഗുവാഹത്തിയിലെ ഹോട്ടലിൽ തന്നെ തുടരുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed