'മാധ്യമപ്രവർത്തകരെയും, രാഷ്ട്രീയക്കാരെയും ഉൾപ്പടെ തടയാൻ കേന്ദ്രം അഭ്യർത്ഥിച്ചു'; വെളിപ്പെടുത്തലായി ട്വിറ്റർ സമർപ്പിച്ച റിപ്പോർട്ട്


മാധ്യമപ്രവർത്തകർ, രാഷ്ട്രീയക്കാർ, കർഷക സമരത്തെ അനുകൂലിക്കുന്നവർ തുടങ്ങിയവരുടെ ഒന്നിലധികം അക്കൗണ്ടുകളും ചില ട്വീറ്റുകളും ബ്ലോക്ക് ചെയ്യാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതായി ട്വിറ്റർ. ജൂൺ 26ന് സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ ട്വിറ്റർ ലുമെൻ ഡാറ്റാബേസിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വെളിപ്പെടുത്തൽ. 2021 ജനുവരി 5 നും 2021 ഡിസംബർ 29 നും ഇടയിലാണ് സർക്കാർ അഭ്യർത്ഥനകൾ അയച്ചതെന്നും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. എന്നാൽ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനുള്ള അഭ്യർത്ഥന പൂർത്തീകരിച്ചോ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഡാറ്റാബേസിൽ ലഭ്യമല്ല.

ആഗോളതലത്തിൽ ജനാധിപത്യം, രാഷ്ട്രീയ സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ, അഭിപ്രായസ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണവും അതിനായി വാദിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര അഭിഭാഷക ഗ്രൂപ്പായ ഫ്രീഡം ഹൗസിന്റെ ട്വീറ്റുകൾ തടയാൻ സർക്കാർ ആവശ്യപ്പെട്ടതായി ട്വിറ്റർ സമർപ്പിച്ച രേഖയിലുണ്ട്. ഇത് അന്വേഷിച്ച് ഇലക്‌ട്രോണിക്‌സ്, ഐടി മന്ത്രാലയത്തിന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഇ-മെയിലിൽ അയച്ച ചോദ്യത്തിനും മറുപടി ലഭിച്ചിട്ടില്ല. കിസാൻ ഏകതാ മോർച്ചയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ജർണെെൽ സിംഗ് ഉൾപ്പടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെയും ആം ആദ്മി പാർട്ടിയിലെയും എംഎൽഎമാരുടെ ട്വീറ്റുകൾ തടയാനും സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. കേന്ദ്രം ബ്ലോക്ക് ചെയ്യാൻ അഭ്യർത്ഥിച്ച മിക്ക ട്വിറ്റർ അക്കൗണ്ടുകളും, ട്വീറ്റുകളും ഉപയോക്താക്കളിൽ സ്വാധീനം ചെലുത്തുന്നവയാണെന്ന് റാൻഡം ചെക്കിൽ വ്യക്തമാകുന്നുണ്ട്.

പിന്തുണ അറിയിക്കുന്നവരുടെ ട്വീറ്റുകൾ തടയുന്നതിനായി അഭ്യർത്ഥിച്ച സർക്കാർ തീരുമാനത്തിനെതിരെ കർഷക യൂണിയനുകളെ സമന്വയിപ്പിക്കുന്ന സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) ശക്തമായി എതിർപ്പ് അറിയിച്ചു. "കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം കർഷക പ്രസ്ഥാനവുമായി ബന്ധമുള്ള ട്വിറ്റർ അക്കൗണ്ടുകൾ തടഞ്ഞുവയ്ക്കുന്നതിനെ സംയുക്ത കിസാൻ മോർച്ച ശക്തമായി എതിർക്കുകയും അപലപിക്കുകയും ചെയ്യുന്നു" എന്ന് എസ്‌കെഎം പ്രതിഷേധം രേഖപ്പെടുത്തി.

അതേസമയം മാധ്യമപ്രവർത്തകരായ റാണ അയ്യൂബിന്റെയും സിജെ വെർലെമന്റെയും ട്വീറ്റുകൾ തടയാനുള്ള സർക്കാർ നീക്കത്തെ മാധ്യമപ്രവർത്തകരെ സംരക്ഷിക്കുന്നതിനുള്ള അന്താരാഷ്ട്ര ഗ്രൂപ്പ് കമ്മിറ്റിയും അപലപിച്ചു. "മാധ്യമപ്രവർത്തകൻ റാണ അയ്യൂബിന്റെ ട്വീറ്റ് തടഞ്ഞുവയ്ക്കാനും, കോളമിസ്റ്റ് സിജെ വെർലെമന്റെ അക്കൗണ്ട് തടയാനുമുള്ള കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം ട്വിറ്റർ പാലിക്കുന്നത് സാമൂഹ്യ മാധ്യമത്തിലെ അംഗീകരിക്കാനാവാത്ത സെൻസർഷിപ്പ് പ്രവണതയുടെ ഭാഗമാണ്. ഇത് അവസാനിപ്പിക്കണം! മാധ്യമപ്രവർത്തകരുടെ ശബ്ദം ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണ്" എന്ന് മാധ്യമപ്രവർത്തകരുടെ സംരക്ഷണത്തിനുള്ള കമ്മിറ്റിയായ സിപിജെ ഏഷ്യ ട്വീറ്റ് ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed