അം​ബാ​നി​യു​ടെ സു​ര​ക്ഷ: ത്രി​പു​ര ഹൈ​ക്കോ​ട​തി ന​ട​പ​ടി​ക്കെ​തി​രേ കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ൽ


റിലയൻസ് ഉടമ മുകേഷ് അംബാനിക്കും കുടുംബത്തിനും സുരക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാനുള്ള ത്രിപുര ഹൈക്കോടതി നിർദേശത്തിനെതിരെ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഇത്തരമൊരു നിർദേശം നൽകാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും.

മുകേഷ് അംബാനിക്കും കുടുംബത്തിനും സുരക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ മുദ്രവച്ച കവറിൽ സമർപ്പിക്കാൻ കഴിഞ്ഞ ദിവസമാണ് ത്രിപുര ഹൈക്കോടതി നിർദേശിച്ചത്. എന്തു വിവരങ്ങളുടെ അടിസ്ഥാനത്തിലാണു സുരക്ഷ നൽകുന്നത് എന്ന് അറിയിക്കാനാണ് ഹൈക്കോടതി നിർദേശിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ നേരിട്ടെത്തി വിശദീകരണം നൽകണമെന്നും പൊതുതാത്പര്യ ഹർജി പരിഗണിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.

അധികാരപരിധിയിൽ അല്ലാത്ത കാര്യത്തിലാണ് ഹൈക്കോടതി ഇടപെടലെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. ത്രിപുര പോലീസിന്‍റെയല്ല, കേന്ദ്രസേനയുടെ സുരക്ഷയാണ് മുകേഷ് അംബാനിക്കു നൽകുന്നത്. ഇതിൽ പൊതുതാത്പര്യ ഹർജിയിലൂടെ മൂന്നാമത് ഒരാൾക്ക് ഇടപെടാനാവില്ല.

നേരത്തെ സമാനമായ ഹർജി ബോംബെ ഹൈക്കോടതി തള്ളുകയും സുപ്രീംകോടതി അത് ശരിവയ്ക്കുകയും ചെയ്തിട്ടുള്ളതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് തുഷാർ മേത്ത ഇന്നലെ അവധിക്കാല ബെഞ്ചിനു മുന്പാകെ ആവശ്യപ്പെടുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed