മഹാരാഷ്ട്രയിൽ വിമതർക്ക് മറുപടിനൽകാൻ സമയം അനുവദിച്ച് സുപ്രീംകോടതി

മഹാരാഷ്ട്രയിൽ ഭരണപ്രതിസന്ധി തുടരുന്നതിനിടെ വിമത എംഎൽഎമാർക്ക് ആശ്വാസമേകുന്ന നടപടിയുമായി സുപ്രീംകോടതി. വിമതർക്ക് ഡപ്യൂട്ടി സ്പീക്കർ അയോഗ്യത നോട്ടീസയച്ച സംഭവത്തിൽ മറുപടി നൽകാൻ ജൂലൈ 12 വരെ കോടതി സമയം അനുവദിച്ചു. ഏക്‌നാഥ് ഷിൻഡെ ഉൾപ്പെടെയുള്ള 16 എംഎൽഎമാർക്കാണ് മറുപടി നൽകാൻ കോടതി സമയം അനുവദിച്ചത്. അവിശ്വാസവോട്ടെടുപ്പ് നടത്തരുതെന്ന് ആവശ്യപ്പെട്ടുള്ള മഹാവികാസ് അഘാടി സർക്കാരിന്‍റെ ഹർജിയും കോടതി തള്ളി.
മഹാരാഷ്ട്രയിലെ അയോഗ്യത നീക്കത്തിനെതിരെ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതസംഘമാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഡെപ്യൂട്ടി സ്പീക്കറുടെ നടപടികളെ ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചത്.
ഷിൻഡെയ്ക്ക് പകരം അജയ് ചൗധരിയെ ശിവസേനയുടെ നിയമസഭാ നേതാവായി നിയമിച്ചതിനെയും ഹർജി ചോദ്യം ചെയ്യുന്നു. സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്.