സൈന്യത്തിൽ ഇനി ഹ്രസ്വകാല സേവനത്തിനും അവസരം

സൈന്യത്തിൽ ഹ്രസ്വകാല സേവനത്തിന് അവസരമൊരുക്കുന്ന പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് പദ്ധതി പ്രഖ്യാപിച്ചത്. അഗ്നിപഥ് എന്ന പേരിട്ടിരിക്കുന്ന പദ്ധതിയെ ചരിത്രപരം എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്. കര−നാവിക−വ്യോമ സേനാ മേധാവികളും പ്രതിരോധമന്ത്രി വിളിച്ച വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. പദ്ധതി വഴി 17.5 വയസിനും 21 വയസിനും ഇടയിലുള്ളവർക്ക് സേനയിൽ ഹ്രസ്വകാലത്തേക്ക് സേവനം അനുഷ്ഠിക്കാൻ അവസരമൊരുങ്ങും. ഓരോ വർഷവും അമ്പതിനായിരത്തോളം പേരെ സേനയിലെടുക്കും. ആറുമാസം കൂടുമ്പോഴായിരിക്കും ഈ റിക്രൂട്ട്മെന്‍റ് നടക്കുക. ആറു മാസത്തെ പരിശീലനം നൽകും. 30,000 മുതൽ 40,000 രൂപ വരെ ശമ്പളത്തിൽ നാലു വർഷം വരെ ഇവർക്ക് സേനയിൽ തുടരാം. നാലു വർഷത്തെ സേവനം കഴിയുമ്പോൾ ഇവരിൽ കഴിവു തെളിയിക്കുന്ന 25 ശതമാനം പേരെ മാത്രം സേനയിൽ എടുക്കും. മറ്റുള്ളവർക്ക് പിരിയുമ്പോൾ 10 മുതൽ 12 ലക്ഷം രൂപ വരെ നൽകാനാണ് ആലോചിക്കുന്നത്. ഇവർക്ക് പെന്‍ഷന്‍ ആനുകൂൽയം ലഭിക്കില്ല.
90 ദിവസത്തിനുള്ളിൽ റിക്രൂട്ട്മെന്‍റ് ആരംഭിക്കും. 2023 ജൂലൈയോടെ ആദ്യ ബാച്ച് സൈനിക സേവനത്തിന് തയാറാകുമെന്നാണ് സർക്കാർ പ്രഖ്യാപനം. പദ്ധതിയിൽ തെരഞ്ഞെടുക്കപ്പെടുന്നവർ “അഗ്നിവീർ‘ എന്ന പേരിൽ അറിയപ്പെടും. സേനയിലെ സ്ഥിരം സ്ഥാനങ്ങളിലേക്കുള്ള വിദ്യാഭ്യാസ യോഗ്യതയാണ് ഉദ്യോഗാർഥികൾക്ക് വേണ്ടത്. പദ്ധതിയിൽ വനിതകളെയും ഉൾപ്പെടുത്തും.
പദ്ധതി വിജയകരമായി നടപ്പാക്കിയാൽ വാർഷിക പ്രതിരോധ ബജറ്റിൽ വലിയ കുറവു വരുമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ വിലയിരുത്തൽ. നിലവിൽ പ്രതിരോധ ബജറ്റിന്‍റെ പകുതിയോളം തുക ചെലവഴിക്കുന്നത് പെൻഷൻ നൽകാനാണ്. അതേസമയം ഹ്രസ്വകാല സൈനിക സേവന പദ്ധതിക്കെതിരേ വിവിധ കോണുകളിൽ നിന്ന് വിമർശനവും ഉയരുന്നുണ്ട്. അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം പേരെ കേന്ദ്ര സർവീസിൽ നിയമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തിരുന്നു. സേനയിലെ ഹ്രസ്വകാല നിയമനം കൂടി ചേർത്താണ് 10 ലക്ഷം നിയമനങ്ങൾ എന്നാണ് നിഗമനം. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പദ്ധതി നടപ്പാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമം.