വിവാഹിതരാകാതെ ഒരുമിച്ച് ജീവിച്ചവരുടെ മക്കൾ‍ക്കും സ്വത്തവകാശമുണ്ടെന്ന് സുപ്രീംകോടതി


സ്ത്രീയും പുരുഷനും ഒരുപാട് കാലം വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച് ജീവിച്ചാൽ‍ അവരെ വിവാഹിതരായി കണക്കാക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ എസ് അബ്ദുൾ‍ നാസർ‍, വിക്രം നാഥ് എന്നിവരുടെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കേരളാ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർ‍ജിയിലാണ് സുപ്രീംകോടതി വിധി. ഇത്തരത്തിലുള്ള ബന്ധത്തിലുണ്ടായ മക്കൾ‍ക്ക് പാരമ്പര്യ സ്വത്തവകാശമുണ്ടെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. പരാതിക്കാരുടെ ഹർ‍ജി 2009ൽ‍ കേരള ഹൈക്കോടതി തള്ളിയിരുന്നു. കോഴിക്കോട്ടെ കെ ഇ കരുണാകരന്റെ സ്വത്തുമായി ബന്ധപ്പെട്ട തർ‍ക്കത്തിലാണ് സുപ്രീംകോടതി വിധി. 

കരുണാകരൻ എന്നയാളുടെ നാല് മക്കളിൽ‍ ചിരുതക്കുട്ടിയെന്ന സ്ത്രീയിൽ‍ ജനിച്ച മകനാണ് വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർ‍ന്ന് സുപ്രീംകോടതിയെ സമീപിച്ചത്. രേഖാ മൂലമുള്ള തെളിവുകളുടെ അഭാവത്തിലും കരുണാകരനും ചിരുതക്കുട്ടിയും ഭാര്യാഭർ‍ത്താക്കന്മാരായി ജീവിച്ചിരുന്നുവെന്നും അതിനാൽ‍ മകന് അച്ഛന്റെ സ്വത്ത് വിഹിതത്തിൽ‍ അവകാശമുണ്ട് എന്നുമാണ് സുപ്രീംകോടതി വിധി. സ്വത്ത് ഭാഗം വെക്കൽ‍ കേസുകളിൽ‍ വിചാരണക്കോടതിയുടെ പ്രാഥമിക ഉത്തരവ് കേസിന്റെ തീർ‍പ്പിലേക്കുള്ള തുടക്കമായി സ്വമേധയാ മാറുമെന്നും കോടതി നിരീക്ഷിച്ചു. പ്രാഥമിക ഉത്തരവിന് ശേഷവും കേസ് അനന്തമായി നീട്ടി വെക്കുകയോ പ്രത്യേക വിചാരണയ്ക്ക് അപേക്ഷ നൽ‍കണമെന്ന് ആവശ്യപ്പെടുകയോ ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

You might also like

Most Viewed