'തിരുപ്പതി, വേളാങ്കണ്ണി, രാമേശ്വരം'; കേരളത്തിന് പുതിയ മൂന്ന് ട്രെയ്‌നുകള്‍ കൂടി


കേരളത്തിന് മൂന്ന് പുതിയ ട്രെയിനുകൾ അനുവദിച്ചു. തിരുപ്പതി-കൊല്ലം, എറണാകുളം- വേളാങ്കണ്ണി, മംഗളൂരു - രാമേശ്വരം ട്രെയിനുകളാണ് സംസ്ഥാനത്തിന് ലഭിക്കുക. ബെംഗളൂരുവിൽ നടന്ന ഓൾ ഇന്ത്യ റെയിൽവെ ടൈംടേബിൾ യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്. റെയിൽവേ ബോർഡ് അന്തിമ വിജ്ഞാപനം പുറത്തിറത്തിറക്കുന്നതോടെ ഈ മൂന്ന് ട്രെയിനുകൾക്കും സർവീസ് ആരംഭിക്കാനാകും. എറണാകുളം - വേളാങ്കണ്ണി അവധിക്കാല സ്പെഷ്യൽ സർവീസായി ഇപ്പോഴുണ്ട്.

റെയിൽവേ ബോർഡ് അംഗീകാരം നൽകിയാൽ സ്പെഷ്യലിന് പകരം ആഴ്ചയിൽ രണ്ട് ദിവസം നിരക്ക് കുറവുള്ള സാധാരണ സർവീസാക്കി മാറ്റാൻ കഴിയും. തിരുപ്പതി-കൊല്ലം ട്രെയിനും ആഴ്ചയിൽ രണ്ട് ദിവസമായിരിക്കും.

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്കും പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്പ്രസ് തൂത്തുക്കുടിയിലേക്കും ഗുരുവായൂർ-പുനലൂർ എക്സ്പ്രസ് മധുരയിലേക്കും ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്കും നീട്ടാനുള്ള ശുപാർശകളും അംഗീകരിച്ചിട്ടുണ്ട്. പൂണെ എക്സ്പ്രസ് കോട്ടയം വരെ നീട്ടുന്നത് അംഗീകരിച്ചെങ്കിലും അടുത്ത വർഷമേ ഉണ്ടാകൂ. വന്ദേ ഭാരത് കോച്ചുകളുടെ നിർമാണത്തിന് മുൻഗണന നൽകുന്നതിനാൽ സാധാരണ കോച്ചുകളുടെ നിർമാണത്തിൽ കുറവായിട്ടുണ്ട്.

പുതിയ ട്രെയിനുകൾ അനുവദിക്കുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നം കോച്ച് ലഭ്യതയായിരിക്കും. വരുന്ന ടൈംടേബിളിൽ നേത്രാവതി എക്സ്പ്രസിന്റെ സമയം മാറും. ഭുവനേശ്വർ-ചെന്നൈ ട്രെയിൻ എറണാകുളത്തേക്ക് നീട്ടാനുള്ള ശുപാർശ റെയിൽവെ അംഗീകരിച്ചില്ല.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed