പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ നഷ്ടമായി; കോടതിയുടെ ഇടപെടല്‍, മൂന്ന് വര്‍ഷത്തിനുശേഷം തിരികെ ലഭിച്ചു


അസമിലെ ബര്‍പേട്ടയിൽ മൂന്ന് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട കുഞ്ഞിനെ കോടതിയുടെ ഇടപെടല്‍മൂലം അമ്മയ്ക്ക് തിരികെ ലഭിച്ചു. പ്രസവത്തിന് പിന്നാലെ ആശുപത്രി അധികൃതര്‍ക്കുണ്ടായ ആശയക്കുഴപ്പത്തിലാണ് അമ്മയ്ക്ക് മകനെ നഷ്ടമായത്. ഇവര്‍ക്കൊപ്പം അതേ ആശുപത്രിയില്‍ പ്രസവിച്ച മറ്റൊരു യുവതിയുടെ കുഞ്ഞാണെന്ന് കരുതി നവജാതശിശുവിനെ മാറിനല്‍കുകയായിരുന്നു.

കുഞ്ഞിനെ മാറി ലഭിച്ച യുവതിയുടെ കുട്ടി പ്രസവത്തില്‍ മരിച്ചിരുന്നു. മൂന്ന് കൊല്ലം മുമ്പ് ബര്‍പേട്ടയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നസ്മ ഖാനം, നസ്മ ഖാതുന്‍ എന്നീ യുവതികള്‍ ഒരേ സമയത്താണ് പ്രസവത്തിനായി പ്രവേശിച്ചിരുന്നത്. എന്നാല്‍ നസ്മ ഖാതുന്റെ കുഞ്ഞ്‌ പ്രസവത്തില്‍ മരിച്ചു. യുവതികളുടെ പേര് മൂലമുണ്ടായ ആശയക്കുഴപ്പത്തില്‍ ആശുപത്രി ജീവനക്കാര്‍ നസ്മ ഖാനത്തിന്റെ കുഞ്ഞിനെ നസ്മ ഖാതുന് നല്‍കുകയായിരുന്നു.

നസ്മ ഖാനം ആരോഗ്യവാനായ കുഞ്ഞിനാണ് ജന്മം നല്‍കിയതെന്ന വാദത്തില്‍ അവരുടെ ബന്ധുക്കള്‍ ഉറച്ചു നിന്നു. നസ്മ ഖാനത്തിന്റെ ബന്ധുക്കള്‍ ആശുപത്രി രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് സമാനനാമമുള്ള യുവതികള്‍ ഒരേ സമയം ആശുപത്രിയിലുണ്ടായിരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് ബര്‍പേട്ട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പോലീസ് കേസന്വേഷണം ആരംഭിക്കുകയും ചെയ്തു.

ശേഷം 2020 ഒക്ടോബര്‍ എട്ടിന് ഡിഎന്‍എ പരിശോധനയ്ക്ക് അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ സമീപിച്ചു. ഡിഎന്‍എ പരിശോധനയില്‍ കുഞ്ഞിന്റെ അമ്മയെ തിരിച്ചറിയുകയും കുഞ്ഞിനെ കൈമാറാന്‍ കോടതി ഉത്തരവിടുകയുമായിരുന്നു.

 

You might also like

Most Viewed