സത്യേന്ദർ ജെയ്നിനെതിരായ കള്ളപ്പണം വെളുപ്പിച്ചത് കെജ്രിവാളിന്റെ അറിവോടെ; സ്മൃതി ഇറാനി

ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്നിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ആം ആദ്മി പാർട്ടിയെ വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി തലവനുമായ അരവിന്ദ് കെജ്‍രിവാൾ സ്വയം ജഡ്ജി ചമയുകയാണെന്നും അഴിമതി രാജ്യദ്രോഹമാണെന്ന് പറഞ്ഞ കെജ്‌രിവാൾ സ്വയം രാജ്യ ദ്രോഹികളെ സൃഷ്ടിക്കാൻ ശ്രമിക്കുകയാണ് എന്ന് സ്മൃതി ഇറാനി ആരോപിച്ചു. 56 ഷെൽ കമ്പനികൾ വഴി 16 കോടി രൂപയുടെ കള്ളപ്പണം സത്യേന്ദർ ജയിൻ വെളുപ്പിച്ചു എന്ന് സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ഹവാലപ്പണം ബന്ധുക്കളുടെ പേരിൽ ഭൂമിയാക്കി ജെയിൻ മാറ്റി. ഇതെല്ലാം കെജ്‌രിവാളിൻ്റെ അറിവോടെ ആണെന്നും മന്ത്രി ആരോപിച്ചു. സത്യേന്ദർ ജയിനിൻ്റെ ഉടമസ്ഥതയിലാണെന്ന് ആരോപിക്കുന്ന ഷെൽ കമ്പനികളുടെ പേര് വിവരങ്ങളും സ്മൃതി ഇറാനി പുറത്ത് വിട്ടു.
അഴിമതിയുമായി ബന്ധപ്പെട്ട തൻ്റെ 10 ചോദ്യങ്ങൾക്ക് കെജ്‌രിവാൾ മറുപടി നൽകണമെന്നും ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ സ്മൃതി ഇറാനി ആവശ്യപെട്ടു. അതേസമയം ജെയിനിനെതിരായ കേസുകൾ വ്യാജമാണെന്നും കെജ്‍രിവാൾ നേരത്തെ വ്യക്തമാക്കിയിരുന്നു.