ഗൾഫിലെ സിബിഎസ്ഇ 10-ാം ക്ലാസ് വിദ്യാർഥികൾക്കായി പ്രത്യേക മൂല്യനിർണയം
ഷീബ വിജയൻ
പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഗൾഫ് മേഖലയിൽ റദ്ദാക്കിയ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾക്ക് പകരം പ്രത്യേക മൂല്യനിർണയ രീതി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ ഉപരിപഠനം തടസ്സപ്പെടാതിരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി പ്രകാരം, വിദ്യാർത്ഥികൾ ഇതിനകം എഴുതിയ പരീക്ഷകളുടെ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഫലം നിശ്ചയിക്കുക. ഫെബ്രുവരി 17 മുതൽ 28 വരെ നടന്ന പ്രധാന വിഷയങ്ങളുൾപ്പെടെയുള്ള 44 പരീക്ഷകൾ വിജയകരമായി പൂർത്തിയായതായി ബോർഡ് അറിയിച്ചു.
നാല് വ്യത്യസ്ത വിഭാഗങ്ങളിലായാണ് മാർക്ക് കണക്കാക്കുന്നത്. എല്ലാ പരീക്ഷകളും എഴുതിയവർക്ക് യഥാർത്ഥ മാർക്ക് തന്നെ നൽകും. നാല് പരീക്ഷകൾ എഴുതിയവർക്ക് മികച്ച മൂന്ന് വിഷയങ്ങളുടെ ശരാശരിയും, മൂന്ന് പരീക്ഷകൾ എഴുതിയവർക്ക് മികച്ച രണ്ട് വിഷയങ്ങളുടെ ശരാശരിയും ബാക്കിയുള്ള പേപ്പറുകൾക്ക് നൽകും. രണ്ട് പരീക്ഷകൾ മാത്രം എഴുതിയവർക്ക് ആ രണ്ട് വിഷയങ്ങളുടെ ശരാശരി മാർക്കായിരിക്കും മറ്റ് വിഷയങ്ങൾക്ക് കണക്കാക്കുക. ഒമാൻ, ബഹ്‌റൈൻ, ഇറാൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് മാർച്ച് 5-ന് സിബിഎസ്ഇ പരീക്ഷകൾ റദ്ദാക്കിയത്. പ്രവാസി മലയാളി സംഘടനകളുടെ നിരന്തരമായ ഇടപെടലുകളെത്തുടർന്നാണ് വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഈ സുതാര്യമായ നടപടി സ്വീകരിച്ചത്.
dfsvdffrd



