കൊവിഡ് വാക്സിൻ കുപ്പികളിൽ വെളളം നിറച്ച് വിൽപന; യുപിയിൽ അഞ്ചംഗസംഘം പിടിയിൽ
കൊവിഡ് വാക്സിൻ കുപ്പികളിൽ വെളളം നിറച്ച് വിൽപന; യുപിയിൽ വ്യാജ വാക്സിൻ നിർമ്മിക്കുന്ന അഞ്ചംഗസംഘം പിടിയിൽ ഗർഭം നോക്കുന്ന സ്ട്രിപ്പ് ഉപയോഗിച്ചാണ് വ്യാജ പരിശോധന കിറ്റ് നിർമ്മിച്ചത്. പരിശോധനാ സ്ട്രിപ്പിന്റെ പാക്കിങും റാപ്പറും മാറ്റുക മാത്രമാണ് ചെയ്തിരുന്നതെന്നും പൊലീസ് കണ്ടെത്തി. ഉത്തർപ്രദേശിലെ വാരണാസിയിൽ നിന്ന് വ്യാജ വാക്സിൻ നിർമ്മിക്കുന്ന അഞ്ചംഗ സംഘത്തെ പൊലീസ് പിടികൂടി. നാലു കോടിയോളം വരുന്ന കൊവിഡ് പരിശോധനാ കിറ്റുമായാണ് പ്രതികൾ പിടിയിലായത്. രാകേഷ് തവാനി, സന്ദീപ് ശർമ്മ, അരുണേഷ് വിശ്കർമ്മ, ബാല്ലിയ സ്വദേശി ഷംഷേർ, എന്നിവരാണ് അറസ്റ്റിലായത്. ഫുഡ്സ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനും ഉത്തർപ്രദേശ് പൊലീസിലെ പ്രത്യേക അന്വേഷണ സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഇവർ രാജ്യമൊട്ടാകെ വ്യാജ വാക്സിനുകൾ വിതരണം ചെയ്തതായി അന്വേഷണ സംഘം പറഞ്ഞു. വാരണാസിയിലെ രോഹിത് നഗറിൽ വീടെടുത്താണ് പ്രതികൾ വ്യാജ മരുന്ന് നിർമ്മിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽ നിന്ന് കൊവിഷീൽഡിന്റെ വ്യാജ പതിപ്പ്, സൈകോവ് ഡി വാക്സിൻ, റെംഡെസിവർ ഇൻജെക്ഷൻ, കൊവിഡ് പരിശോധനാ കിറ്റ് എന്നിവയാണ് പടിച്ചെടുത്തത്. ഒഴിഞ്ഞ കൊവിഡ് വാക്സിൻ കുപ്പികളിൽ വെളളം നിറച്ചായിരുന്നു വിൽപന.
ഗർഭം നോക്കുന്ന സ്ട്രിപ്പ് ഉപയോഗിച്ചാണ് വ്യാജ പരിശോധന കിറ്റ് നിർമ്മിച്ചത്. പരിശോധനാ സ്ട്രിപ്പിന്റെ പാക്കിങും റാപ്പറും മാറ്റുക മാത്രമാണ് ചെയ്തിരുന്നതെന്നും പൊലീസ് കണ്ടെത്തി. പ്രധാനമായും സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചായിരുന്നു മരുന്നുകളുടെ വിൽപന. വാരണാസിയിൽ നിർമ്മിക്കുന്ന മരുന്നുകൾ ഡൽഹിയിലെത്തിച്ച് വിൽപന നടത്തുകയായിരുന്നുവെന്ന് പ്രത്യേക അന്വേഷണസംഘം പറഞ്ഞു. ഫെബ്രുവരി രണ്ടിനാണ് ബിഹാറിൽ സൈകോവ് ഡി വാക്സിനുകൾ വിതരണം ചെയ്യാൻ കേന്ദ്രം തീരുമാനിച്ചത്. എന്നാൽ, അതിന് മുമ്പ് തന്നെ സൈകോവ് ഡിയുടെ വ്യാജനെ ഈ സംഘം വിപണിയിലെത്തിച്ചിരുന്നു. വാരണാസിയിലെ ആശുപത്രികളിലൂടെ ഈ വ്യാജ വാക്സിനുകൾ വിൽപന നടത്തിയിരുന്നുവെന്നും അന്വേഷണ സംഘം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നിന്ന് ഒമ്പതുപേരേയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് വിവരം.


