ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പിട്ടു; കാറുകൾക്കും ചോക്ലേറ്റിനും വില കുറയും
ശാരിക l ദേശീയം l ന്യൂഡൽഹി:
ഇന്ത്യയും യൂറോപ്യൻ യൂണിയനും (ഇയു) തമ്മിൽ നിർണ്ണായക സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്ടിഎ) ഒപ്പിട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങൾ ആഗോളതലത്തിൽ സൃഷ്ടിച്ച അനിശ്ചിതത്വങ്ങൾക്കിടയിൽ, ഇന്ത്യയും യൂറോപ്പും തമ്മിലുള്ള സാമ്പത്തിക-പ്രതിരോധ ബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുന്നതാണ് ഈ ചരിത്ര കരാർ. രാവിലെ 11:10ന് രാജ്ഘട്ടിലെ പുഷ്പാർച്ചനയോടെയാണ് ഉച്ചകോടിയിലെ ഔദ്യോഗിക ചടങ്ങുകൾ ആരംഭിച്ചത്. 77-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ മുഖ്യാതിഥികളായി പങ്കെടുത്ത യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. വൈകുന്നേരം രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമുവുമായും യൂറോപ്യൻ യൂണിയൻ നേതാക്കൾ കൂടിക്കാഴ്ച നടത്തും.
"എല്ലാ ഇടപാടുകളുടെയും മാതാവ്" എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരാറിനെ വിശേഷിപ്പിച്ചത്. ചരിത്ര മുഹൂർത്തമെന്ന് യൂറോപ്യൻ യൂണിയനും വിശേഷിപ്പിച്ചു. വ്യാപാര കരാറിന് പുറമേ പ്രതിരോധ സുരക്ഷാ കരാറും ഒപ്പുവച്ചു. 2030 വരെ നീളുന്ന വിവിധ മേഖലകളിലെ സഹകരണ അജണ്ടയും കൈമാറി. കരാർ സാധ്യമായാൽ 200 കോടി ജനങ്ങളെ ഉൾക്കൊള്ളുന്ന ലോകത്തിലെതന്നെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര വിപണികളിലൊന്നായി ഇതു മാറും. ആഗോള ജിഡിപിയുടെ നാലിലൊന്ന് ഈ രണ്ടു മേഖലകളിൽനിന്നാണ്.
കരാർ അനുസരിച്ച്, കാറുകൾ അടക്കം യൂറോപ്പിൽ നിന്നുള്ള പല ഉത്പന്നങ്ങൾക്കും വില കുത്തനെ കുറയും. യൂറോപ്പിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും. പാസ്ത, ചോക്ലേറ്റ് എന്നിവയുൾപ്പെടെയുള്ള സംസ്കരിച്ച ഭക്ഷണങ്ങളുടെ തീരുവ പൂർണ്ണമായും ഒഴിവാക്കിയേക്കും. വൈനുകളുടെ തീരുവ ക്രമേണ 150 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറഞ്ഞേക്കും. കാറുകളുടെ താരിഫ് ക്രമേണ 110 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറഞ്ഞേക്കും. യൂറോപ്പിൽ നിന്നുള്ള ബീയറിനും വില കുറയും. ഉപകരണങ്ങൾക്കുള്ള തീരുവ 44 ശതമാനം നീങ്ങും. ഫാർമ ഉത്പന്നങ്ങൾക്കുള്ള 11 ശതമാനം തീരുവയും നീക്കും. യൂറോപ്പിൽ നിന്നു കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനത്തിനും താരിഫ് കുറയുന്നതിനോ ഒഴിവാക്കുന്നതിനോ കരാറിലൂടെ കഴിയും.
യൂറോപ്യൻ യൂണിയന്റെ 150 ബില്യൺ യൂറോ പദ്ധതിയായ "സേഫ്"-ൽ ഇന്ത്യൻ കമ്പനികൾക്കു പങ്കാളികളാകാൻ ഇതിലൂടെ സാധിക്കുമെന്നത് രാജ്യത്തിനു ഗുണകരമാകും. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിൽ ഏകദേശം 136 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് നടത്തിയത്. പുതിയ കരാർ നിലവിൽ വരുന്നതോടെ ഇത് ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള സുരക്ഷയിലും കരാർ നിർണ്ണായക പങ്കുവഹിക്കും. റഷ്യ-യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വിഷയങ്ങളിൽ ഇരുപക്ഷവും ചർച്ചകൾ നടത്തും. പ്രാദേശികമായ അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും സുസ്ഥിരമായ ഒരു ആഗോളക്രമം നിലനിർത്തുന്നതിൽ ഇന്ത്യയും യൂറോപ്യൻ യൂണിയനും ഒരേ നിലപാടിലാണ്.
2007ൽ ആരംഭിച്ച ചർച്ചകൾ പലതവണ തടസ്സപ്പെട്ടെങ്കിലും, 2022ൽ പുനരാരംഭിച്ച ചർച്ചകളാണ് ഇപ്പോൾ ഒരു വൻ കരാറിലേക്ക് എത്തിനിൽക്കുന്നത്. ചൈനയെയും അമേരിക്കയെയും അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കാൻ യൂറോപ്പും ആഗോള വിപണിയിൽ കൂടുതൽ വേരോട്ടമുണ്ടാക്കാൻ ഇന്ത്യയും ആഗ്രഹിക്കുന്ന സാഹചര്യത്തിൽ കരാർ വലിയ പ്രാധാന്യമർഹിക്കുന്നു.
േ്ിേി്


