ബജറ്റിൽ പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും പരിഗണനയില്ല; വിമർശനവുമായി പ്രതിപക്ഷം

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പൊതുബജറ്റിൽ രാജ്യത്തെ പാവപ്പെട്ടവരെയും ഇടത്തരക്കാരെയും അവഗണിച്ചെന്ന് പ്രതിപക്ഷം. രാജ്യത്തെ വലിയൊരു വിഭാഗമായ ഇടത്തരക്കാർക്കും സാധാരണക്കാർക്കും ഗുണകരമായ ഒന്നും ബജറ്റ് പ്രഖ്യാപനങ്ങളില്ലെന്നും പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി. ബജറ്റ് പ്രഖ്യാപനങ്ങൾ ഉപഭോഗം വർധിപ്പിക്കുന്നതാണ്. ദരിദ്രർക്കും ശന്പളക്കാർക്കും ഇടത്തരക്കാർക്കും കർഷകർക്കും ആശ്വാസം നൽകുന്നതിനുമുള്ള പദ്ധതികളോ നിർദ്ദേശങ്ങളോ ബജറ്റിൽ ഇല്ലെന്നായിരുന്നു കോൺഗ്രസിന്റെ നിലപാട്. −
രാജ്യത്തെ വലിയൊരു വിഭാഗമാണ് ശന്പളക്കാരും, ഇടത്തരക്കാരും, കൊവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധിയിൽ വലയുകയാണ്. ശന്പളം വെട്ടിച്ചുരുക്കലും പണപ്പെരുപ്പവും ഇവരുടെ ജീവിതം ദുസ്സഹമാക്കി. എന്നാൽ ഇത്തരക്കാരെ നിരാശരാക്കുന്നതാണ് ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് എന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാല ആരോപിച്ചു. ദരിദ്രരുടെയും ശന്പളക്കാരന്റെയും ഇടത്തരക്കാരുടെയും കർഷകരുടെയും അവസ്ഥ പരിതാപകരമാണ്, പക്ഷേ അവർക്ക് ആശ്വാസം നൽകുന്ന ഒന്നും ബജറ്റിലില്ല. യുവാക്കൾക്ക് പ്രതീക്ഷനൽകുന്ന പ്രഖ്യാപനങ്ങളും ബജറ്റ് മുന്നോട്ട് വയ്ക്കുന്നില്ല. ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും ബജറ്റ് പരിഗണിച്ചിട്ടില്ലെന്ന് ലോക്‌സഭ എംപി മനീഷ് തിവാരിയും കുറ്റപ്പെടുത്തി.
രാജ്യത്തെ പത്ത് ശതമാനം വരുന്ന സന്പന്നരെ മാത്രം ലക്ഷ്യമിടുന്നതാണ് ബജറ്റ് പ്രഖ്യാപനങ്ങളെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി കുറ്റപ്പെടുത്തി. രാജ്യത്തെ ആകെ സന്പത്തിന്റെ 75 ശതമാനും കൈവശം വച്ചിരിക്കുന്നത് ചെറിയൊരു ജന വിഭാഗമാണ്. തൊഴിലില്ലായ്മയും ദാരിദ്ര്യവും പട്ടിണിയും രാജ്യത്തെ വർധിച്ചിരിക്കെ, മഹാമാരിയുടെ കാലത്ത് സൂപ്പർ ലാഭം സന്പാദിച്ച വൻകിടക്കാർക്ക് എന്തുകൊണ്ട് കൂടുതൽ നികുതി ചുമത്തുന്നില്ലെന്ന ചോദ്യവും യെച്ചൂരി ഉന്നയിക്കുന്നു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ് ധനമന്ത്രി പറയുന്നത്. ഇതിനൊപ്പം പറയുന്ന ധാന്യവിളകൾക്ക് പ്രഖ്യാപിച്ച താങ്ങുവിലകൾ അപര്യാപ്തമാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
ബജറ്റിനെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാനും രംഗത്ത് എത്തി. വജ്രം രത്‌നം എന്നിവയുടെ വിലകുറയുമെന്ന പ്രഖ്യാപനത്തെ പരാമർശിച്ച തൃണമൂൽ കോൺഗ്രസ് നേതാവ് രത്‌നങ്ങൾ ഉപയോഗിക്കുന്നവർക്കാണ് സർക്കാറിന്റെ പരിഗണന ലഭിക്കുന്നത് എന്നും കർഷർ, ഇടത്തരക്കാർ, ദിവസക്കൂലിക്കാർ, തൊഴിൽ രഹിതർ എന്നിവർക്ക് പ്രധാനമന്ത്രിയുടെ കെയർ ലഭിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി.