കോവിഡ് കുതിച്ചുയരുന്നു: വീണ്ടും വർക്കം ഹോമിലേക്ക്

ന്യൂഡൽഹി
വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്ത് കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ അണ്ടർ സെക്രട്ടറി റാങ്കിനു താഴെയുള്ള ജീവനക്കാരിൽ 50 ശതമാനം ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകി കേന്ദ്രം. ഭിന്നശേഷിക്കാരും ഗർഭിണികളും ഓഫീസുകളിൽ ഹാജരാകേണ്ടതില്ല. തിരക്ക് ഒഴിവാക്കനായി ഉദ്യോഗസ്ഥർ രണ്ട് സമയക്രമം പാലിക്കണം. രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെയും രാവിലെ 10 മുതൽ വൈകിട്ട് 6.30 വരെയുമാണ് ക്രമീകരണങ്ങൾ. കൊവിഡ് കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്ന എല്ലാ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കണ്ടെയ്ൻമെന്റ് സോണുകൾ ഡി−നോട്ടിഫൈ ചെയ്യുന്നതുവരെ ഓഫീസിൽ വരുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്ര സ്ഥാപനങ്ങളിൽ ഹാജർ രേഖപ്പെടുത്തുന്നതിനുള്ള ബയോമെട്രിക് പഞ്ചിങ് നിർത്തിവയ്ക്കാനും ഉത്തരവുണ്ട്. മുൻപ് നിർത്തിവച്ച പഞ്ചിങ്, കോവിഡ് സ്ഥിതി മെച്ചപ്പെട്ടപ്പോൾ നവംബർ എട്ടിനാണു പുനരാരംഭിച്ചത്. രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിനുള്ള ശക്തമായ സൂചനയുമായി കേസുകൾ കുതിച്ചുയർന്നതോടെയാണ് കേന്ദ്രത്തിന്റെ നടപടി.
അതേസമയം രാജ്യം കോവിഡിന്റെ മൂന്നാം തരംഗത്തിലാണെന്നും വൻ നഗരങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ മുഖ്യപങ്കും ഒമിക്രോൺ വകഭേദം മൂലമുള്ളതാണെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഡൽഹി, മുംബൈ, കൊൽക്കത്ത നഗരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 75 ശതമാനവും ഒമിക്രോൺ വകഭേദം മൂലമുള്ളതാണെന്ന് കേന്ദ്ര വാക്സിൻ വിദഗ്ധ സമിതിയംഗം ഡോ.എൻ.കെ.അറോറ പറഞ്ഞു.