കേരളത്തിൽ നിക്ഷേപ സാധ്യതയില്ല, കമ്മ്യൂണിസ്റ്റ് സർക്കാർ നിക്ഷേപകരെ തുരത്തുന്നു: നിർമല സീതാരാമൻ
ശാരിക I ദേശീയം
ന്യൂഡൽഹി: കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ രംഗത്തെത്തി. കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലിരിക്കുന്നിടത്തോളം കാലം കേരളത്തിൽ പുതിയ നിക്ഷേപങ്ങൾക്ക് യാതൊരു സാധ്യതയുമില്ലെന്ന് ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിൽ മന്ത്രി ആരോപിച്ചു. നിക്ഷേപകരെ ആകർഷിക്കാൻ മറ്റ് സംസ്ഥാനങ്ങൾ മത്സരിക്കുമ്പോൾ കേരളത്തിൽ നിന്ന് വ്യവസായങ്ങൾ പടിയിറങ്ങുകയാണ്. കേരളത്തിൽ 3500 കോടി രൂപയുടെ നിക്ഷേപം നടത്താനിരുന്ന ഒരു പ്രമുഖ വ്യവസായ ഗ്രൂപ്പ് അവിടെ നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറിയ സാഹചര്യം മന്ത്രി ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടി. പ്രതിപക്ഷം ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളെയും രൂക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു ധനമന്ത്രിയുടെ മറുപടി പ്രസംഗം.
സംസ്ഥാനത്തെ ക്രമസമാധാന നിലയെയും രാഷ്ട്രീയ സാഹചര്യങ്ങളെയും രാഷ്‌ട്രീയവിഷയങ്ങൾ മുൻനിർത്തി മന്ത്രി രൂക്ഷമായി വിമർശിച്ചു. ഒരു ലക്ഷം ജനസംഖ്യ എടുത്താൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരെ ഏറ്റവും കൂടുതൽ കുറ്റകൃത്യം നടക്കുന്നത് കേരളത്തിലാണെന്ന് മന്ത്രി ആരോപിച്ചു. നിലവിൽ സംസ്ഥാനം ഭരിക്കുന്ന സർക്കാരിന്റെ കീഴിൽ 399 സഹകരണ സ്ഥാപനങ്ങൾ ഇല്ലാതായെന്നും കേരളത്തിൽ 125 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നതായും മന്ത്രി കുറ്റപ്പെടുത്തി. നിക്ഷേപകരെ സ്വാധീനിക്കാൻ മറ്റു സംസ്ഥാനങ്ങൾ നടത്തുന്ന ശ്രമങ്ങൾ കേരളത്തിൽ ഉണ്ടാകുന്നില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു.
കേരളത്തെ അവഗണിച്ചു എന്ന ആരോപണങ്ങൾക്കുള്ള മറുപടിയായി, ബജറ്റിലെ പല പ്രഖ്യാപനങ്ങളും കേരളത്തെ ലക്ഷ്യം വെച്ചുള്ളതാണെന്ന് മന്ത്രി വിശദീകരിച്ചു. നാളികേരം, കശുഅണ്ടി, ചന്ദനമരം എന്നിവയുടെ വികസനത്തിനായി ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്. നാളികേര സമ്പത്ത് വികസിപ്പിക്കുന്നതിനുള്ള പദ്ധതിയിൽ കേരളത്തിന് പ്രാധാന്യമുണ്ടാകും. കശുഅണ്ടി വികസന പദ്ധതിയുടെ 75 ശതമാനം ഗുണഭോക്താവ് കേരളമായിരിക്കും. ചന്ദന മര കൃഷി വ്യാപിപ്പിക്കാനുള്ള പദ്ധതിയും കേരളത്തിന് കൂടി ഗുണകരമാണ്. കൂടാതെ, സംസ്ഥാനങ്ങൾക്കുള്ള ആകെ ബജറ്റ് വിഹിതം ഇക്കുറി 25.44 ലക്ഷം കോടി രൂപയായിരിക്കുമെന്നും ഇത് കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 2.7 ലക്ഷം കോടി രൂപയുടെ വർദ്ധനവാണെന്നും മന്ത്രി വ്യക്തമാക്കി.
എന്നാൽ, കേരളത്തിന്റെ ദീർഘകാല ആവശ്യമായ എയിംസ് (AIIMS) ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ ധനമന്ത്രി മൗനം പാലിച്ചു. മറുപടി പ്രസംഗത്തിൽ എയിംസിനെക്കുറിച്ച് പരാമർശങ്ങൾ ഉണ്ടാകാത്തത് പ്രതിപക്ഷത്തിന്റെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഫലങ്ങൾ കേരളത്തിന് ലഭിക്കുമെന്ന് ആവർത്തിക്കുമ്പോഴും അടിസ്ഥാന വികസന ആവശ്യങ്ങളോടുള്ള മൗനം ചർച്ചയായിരിക്കുകയാണ്.
aa


