ഇനി തപാലുകാരൻ മ്യൂച്ച്വൽ ഫണ്ടും കൊണ്ടുവരും; പുതിയ പദ്ധതിയുമായി തപാൽ വകുപ്പ്
ശാരിക l ദേശീയം
മുംബൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഡിജിറ്റൽ യുഗത്തിന്റെയും കടന്നുകയറ്റത്തിൽ കത്തുകൾ വിതരണം ചെയ്യാനില്ലാതായതോടെ പുതിയ വരുമാന മാർഗ്ഗം തേടി തപാൽ വകുപ്പ്. തപാൽ ഉരുപ്പടികൾക്കൊപ്പം മ്യൂച്ച്വൽ ഫണ്ട് സേവനങ്ങളും വിതരണം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മഹാരാഷ്ട്രയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ഈ പദ്ധതി വിജയകരമായതോടെ രാജ്യത്തെ എല്ലാ പോസ്റ്റ് ഓഫീസുകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചു. ഇതോടെ നഗരങ്ങളിലെ നിക്ഷേപകരിൽ മാത്രം ഒതുങ്ങിനിന്നിരുന്ന മ്യൂച്ച്വൽ ഫണ്ടുകൾ വിദൂര ഗ്രാമങ്ങളിലുള്ളവർക്കും എളുപ്പത്തിൽ ലഭ്യമാകും.
പോസ്റ്റ് ഓഫീസ് വഴി മ്യൂച്ച്വൽ ഫണ്ടുകൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യയിലെ മ്യൂച്ച്വൽ ഫണ്ട് കമ്പനികളുടെ അസോസിയേഷൻ (AMFI) തപാൽ വകുപ്പുമായി കഴിഞ്ഞ ആഗസ്റ്റിൽ ധാരണാപത്രം ഒപ്പിട്ടിരുന്നു. മുംബൈ, പൂണെ, നാഗ്പൂർ, ഔറംഗബാദ് തുടങ്ങിയ നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കിയത്. ഇതിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്‌സ് (NISM) പരീക്ഷ എഴുതി ജയിച്ച 320 ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകി. അടുത്ത ഘട്ടത്തിൽ 10,000 ജീവനക്കാർക്ക് പരിശീലനം നൽകാനാണ് ആലോചിക്കുന്നതെന്ന് എ.എം.എഫ്.ഐ എക്‌സിക്യൂട്ടീവ് വെങ്കട്ട് എൻ. ചെലസാനി പറഞ്ഞു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങൾക്ക് ശേഷം മറ്റ് സംസ്ഥാനങ്ങളിലും പദ്ധതി നടപ്പാക്കും.
തപാൽ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു മ്യൂച്ച്വൽ ഫണ്ട് വിൽക്കുന്ന ജീവനക്കാരന് 2000 രൂപ ഇൻസെന്റീവ് നൽകുമെന്ന് ഈ വർഷത്തെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇത് സാധാരണ മ്യൂച്ച്വൽ ഫണ്ട് ഏജന്റുമാർക്ക് ലഭിക്കുന്ന കമ്മീഷനേക്കാൾ ഉയർന്ന തുകയാണ്. തപാൽ വകുപ്പിന്റെ വിശാലമായ നെറ്റ്വർക്ക് ഉപയോഗപ്പെടുത്തി കൂടുതൽ ആളുകളെ നിക്ഷേപ രംഗത്തേക്ക് കൊണ്ടുവരികയാണ് എ.എം.എഫ്.ഐ ലക്ഷ്യമിടുന്നത്.
നിലവിൽ മ്യൂച്ച്വൽ ഫണ്ട് നിക്ഷേപത്തിന്റെ 80 ശതമാനവും രാജ്യത്തെ 10 പ്രധാന നഗരങ്ങളിൽ നിന്നുള്ളവരുടേതാണെന്നാണ് കണക്കുകൾ പറയുന്നത്. ഇന്ത്യക്കാരിൽ 65 ശതമാനം പേർക്കും മ്യൂച്ച്വൽ ഫണ്ടുകളെ കുറിച്ച് അറിവുണ്ടെങ്കിലും വെറും 7 ശതമാനം (5.9 കോടി പേർ) മാത്രമാണ് നിലവിൽ നിക്ഷേപം നടത്തുന്നത്. തപാൽ വകുപ്പിന്റെ ഈ പുതിയ നീക്കത്തിലൂടെ 50 കോടിയോളം പുതിയ നിക്ഷേപകരിലേക്ക് മ്യൂച്ച്വൽ ഫണ്ടുകൾ എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.


