വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിന് തുണയായി പ്രവാസി ലീഗൽ സെൽ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്റൈനിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി യൂനുസ് പാണത്തിൽ (52) നാട്ടിലേക്ക് മടങ്ങി. പ്രവാസി ലീഗൽ സെല്ലിന്റെ (പി.എൽ.സി) സജീവമായ ഇടപെടലുകളെത്തുടർന്നാണ് തുടർചികിത്സയ്ക്കായി ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ സാധിച്ചത്.

ജുഫൈറിലെ ലുലു ഹൈപ്പർമാർക്കറ്റിന് സമീപം ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ യൂനുസ് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ കാർ ഇടിച്ചായിരുന്നു അപകടം. ഡ്രൈവിംഗ് ലൈസൻസില്ലാത്ത ഒരാൾ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയതെന്നും, പരിക്കേറ്റ യൂനുസിനെ സഹായിക്കാതെ ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായും റിപ്പോർട്ടുകളുണ്ട്. അപകടം കണ്ടുനിന്നവർ ഉടൻ തന്നെ വിവരമറിയിച്ചതിനെത്തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അപകടത്തിൽ നട്ടെല്ലിനും കാലുകൾക്കും ഗുരുതരമായി പരിക്കേറ്റ യൂനുസ് അഞ്ചോളം ശസ്ത്രക്രിയകൾക്ക് വിധേയനായി. വിദഗ്ധ ചികിത്സ ലഭിച്ചെങ്കിലും നിലവിൽ പരസഹായമില്ലാതെ നടക്കാനോ ഇരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം. കുടുംബത്തിന്റെ ഏക വരുമാന സ്രോതസ്സായിരുന്നു യൂനുസ്. ആശുപത്രി സന്ദർശനത്തിനിടെയാണ് പ്രവാസി ലീഗൽ സെൽ പ്രവർത്തകർ ഇദ്ദേഹത്തിന്റെ ദുരവസ്ഥ മനസ്സിലാക്കുന്നത്.

തുടർന്ന് പി.എൽ.സി ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റും ഗ്ലോബൽ പി.ആർ.ഒയുമായ സുധീർ തിരുനിലത്തിന്റെ നേതൃത്വത്തിൽ യാത്രാരേഖകളും ചികിത്സാ സംബന്ധമായ കാര്യങ്ങളും വേഗത്തിൽ ഏകോപിപ്പിച്ചു. ഭാര്യയും നാല് മക്കളും അമ്മയും ഉൾപ്പെടുന്ന കുടുംബത്തിന്റെ പരിചരണത്തിൽ യൂനുസിന് വേഗത്തിൽ സുഖം പ്രാപിക്കാൻ കഴിയുമെന്നതിനാലാണ് നാട്ടിലേക്ക് അയക്കാൻ തീരുമാനിച്ചതെന്ന് സുധീർ തിരുനിലത്ത് പറഞ്ഞു.

അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെയുള്ള നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. കേസിന്റെ അടുത്ത വാദം മാർച്ച് പത്തിന് നടക്കും.

article-image

dgdfg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed