കാമുകിയെ കാണാൻ പാക് യുവാവ് കാൽ‍നടയായി ഇന്ത്യയിൽ‍; അറസ്റ്റ് ചെയ്ത് പോലീസ്


മുംബൈ

കാമുകിയെ കാണാൻ പാകിസ്ഥാനിൽ‍ നിന്ന് കാൽ‍നടയായി ഇന്ത്യയിലേക്കെത്തിയ യുവാവ് പൊലീസ് പിടിയിലായി. പാകിസ്ഥാൻ പഞ്ചാബിലെ ബഹവൽ‍പൂർ‍ ജില്ലയിൽ‍ താമസിക്കുന്ന മുഹമ്മദ് അമീർ‍ എന്ന 20 കാരനാണ് പിടിയിലായത്. ലോക്ഡൗൺ‍ സമയത്ത് ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാന്‍ മുംബൈയിലേക്ക് വരികയായിരുന്നു അമീർ‍.

മുംബൈയിലെ കാണ്ടിവലിയിൽ‍ താമസിക്കുന്ന 20 വയസുകാരിയായ കാമുകിയെ കാണാൻ വരവേ രാജസ്ഥാൻ അതിർ‍ത്തിയിൽ‍ വെച്ചാണ് യുവാവ് പൊലീസ് പിടിയിലായത്. കാമുകിയെ കല്യാണം കഴിക്കാൻ അമീർ‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി യുവാവ് ഇന്ത്യയിലേക്ക് വിസ ലഭിക്കുന്നതിനായി അപേക്ഷയും നൽ‍കിയിരുന്നു. എന്നാൽ‍ വിസ ലഭിച്ചില്ല. അപേക്ഷ നിരസിക്കപ്പെടുകയാണ് ഉണ്ടായത്. ഇതേ തുടർ‍ന്ന് പെണ്‍കുട്ടിയെ കാണാൻ വേണ്ടി അതിർ‍ത്തി കടക്കാൻ തീരുമാനിക്കുകയായിരുന്നു എന്നും എങ്ങനെ മുംബൈയിൽ‍ എത്തിച്ചേരും എന്ന് നിശ്ചയമില്ലാതിരുന്നതിനാലാണ് നടക്കാൻ തീരുമാനിച്ചത് എന്നും യുവാവ് പൊലീസിനോട് പറഞ്ഞു.

യുവാവ് പറഞ്ഞത് സത്യമാണോ എന്നറിയാൻ പ്രത്യേക പൊലീസ് സംഘം മുംബൈയിൽ‍ എത്തി അന്വേഷണം നടത്തി. ഈ അന്വേഷണത്തിൽ‍ യുവാവ് പറഞ്ഞത് സത്യമാണെന്ന് പൊലീസ് കണ്ടെത്തി. അനുപ്ഗഡ് സെക്ടറിലെ ഇന്ത്യ− പാകിസ്ഥാൻ‍ അന്താരാഷ്ട്ര അതിർ‍ത്തിയിൽ‍ അതിക്രമിച്ച് കയറിയ അമീറിനെ ബി.എസ്.എഫാണ് പിടികൂടി പൊലീസിന് കൈമാറിയത് എന്ന് ഗംഗാനഗർ‍ പൊലീസ് സൂപ്രണ്ട് ആനന്ദ് ശർ‍മ പറഞ്ഞു. കൈയിൽ‍ വേണ്ടത്ര പണമില്ലാത്തതിനാൽ‍ 1300 കിലോമീറ്റർ‍ നടന്ന് മുംബൈയിൽ‍ എത്താനായിരുന്നു യുവാവിന്റെ ശ്രമം.

ഡിസംബർ‍ മൂന്നിന് രാത്രി മാതാപിതാക്കൾ‍ അറിയാതെയാണ് യുവാവ് ഗ്രാമം വിട്ടത് എന്ന് പൊലീസ് പറഞ്ഞു. സ്‌കൂൾ‍ പഠനം പാതിവഴിയിൽ‍ ഉപേക്ഷിച്ച അമീർ‍ ഒരു ദരിദ്ര കുടുംബത്തിൽ‍ നിന്നുള്ളയാളാണ്. അതിക്രമിച്ച് എത്തിയതിനും മറ്റ് കുറ്റങ്ങൾ‍ക്കും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാൾ‍ ഇപ്പോൾ‍ ജുഡീഷ്യൽ‍ കസ്റ്റഡിയിലാണെന്നാണ് വിവരം. അന്വേഷണം പൂർ‍ത്തിയാക്കിയതിന് ശേഷം പാകിസ്ഥാൻ റേഞ്ചർ‍മാരെ പ്രശ്‌നം അറിയിച്ച് മറ്റ് നടപടികൾ‍ ആരംഭിക്കുമെന്നും പോലീസ് പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed