ആന്ധ്രയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലും ഒമിക്രോണ്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. അയർലൻഡ് സന്ദർശനത്തിന് ശേഷം തിരിച്ചെത്തിയ യുവാവിലാണ് വൈറസ് കണ്ടെത്തിയത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് ഇയാൾ വിശാഖപട്ടണം വിമാനത്താവളത്തിൽ എത്തിയത്. പിന്നീട് ഇവിടെ നടത്തിയ പരിശോധനയിൽ ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. നവംബർ 27ന് മുംബൈയിലാണ് യാത്രക്കാരൻ ആദ്യം വന്നിറങ്ങിയത്. ഇവിടെ നിന്നും ആർടിപിസിആർ പരിശോധനയ്ക്ക് വിധേയനായി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചു. പിന്നീട് വിശാഖപട്ടണത്ത് ഇറങ്ങിയപ്പോൾ നടത്തിയ പരിശോധനയിൽ പോസിറ്റീവ് എന്ന ഫലമാണ് ലഭിച്ചത്. ഇതോടെ നിരീക്ഷണത്തിലാക്കി. പിന്നീട് സാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചതോടെ ഡിസംബർ 11-നാണ് ഒമിക്രോണ്‍ വൈറസ് ബാധ കണ്ടെത്തിയത്. രാജ്യത്ത് ഒമിക്രോണ്‍ വൈറസ് സാന്നിധ്യം കണ്ടെത്തുന്ന ആറാമത്തെ സംസ്ഥാനമാണ് ആന്ധപ്രദേശ്. കർണാടക, രാജസ്ഥാൻ, ഡൽഹി, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ മുൻപ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.