ജയിലിൽ പരിചയപ്പെട്ട തടവുപുള്ളികളുടെ കുടുംബങ്ങൾക്ക് സാന്പത്തിക സഹായം വാഗ്ദാനം ചെയ്ത് ആര്യൻ ഖാൻ

മുംബൈ: ആർതർ റോഡ് ജയിലിലെ തടവുപുള്ളികളുടെ കുടുംബങ്ങൾക്ക് ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ സാന്പത്തിക സഹായം വാഗ്ദാനം നൽകിയതായി ജയിൽ അധികൃതർ. മയക്കുമരുന്നു കേസിൽ അറസ്റ്റിലായതിന് ശേഷം ആര്യൻ ഖാനെ ആർതർ റോഡ് ജയിലിലാണ് താമസിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കേസിൽ ജാമ്യം ലഭിച്ചിരുന്നു.
ജയിൽ വാസത്തിനിടെ പരിചയത്തിലായ ഏതാനും തടവുകാരുടെ കുടുംബത്തിന്റെ അവസ്ഥ അറിഞ്ഞ ആര്യൻ അവർക്ക് തന്നാലാകുന്ന സാന്പത്തിക സഹായവും നിയമസഹായവും വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ബോംബൈ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് ആര്യനെ ജയിൽ അധികൃതർ വിവരം അറിയിച്ചത്. പുറത്തിറങ്ങുന്നതിന് മുന്പ് അദ്ദേഹം ജയിൽ ജീവനക്കാരോട് നന്ദി പറഞ്ഞു.
ഒക്ടോബർ 2നാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോ ആഡംബര കപ്പലിൽ നടത്തിയ റെയ്ഡിൽ ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മൺമുൺ ധമേച്ച എന്നിവരടക്കം 11 പേരെ പിടികൂടുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 20 പേർ അറസ്റ്റിലായി.