വടകരയിൽ ഓർമ്മക്കുറവുള്ള പിതാവിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് മക്കൾ

കണ്ണൂർ: കൊവിഡ് ബാധിതനായി ആശുപത്രിയിലെത്തിച്ച വടകര മണിയൂർ സ്വദേശിയായ എഴുപത്തിയേഴുകാരനെ മക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ചു. തിരിച്ച് കൊണ്ടുപോകാനാകില്ലെന്ന് മൂന്ന് മക്കളും അറിയിച്ചതോടെ പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണ് ആശുപത്രി അധികൃതർ. കൊവിഡ് ബാധിതനായതിനേ തുടർന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നാണ് നാരായണനെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ബന്ധുക്കളാരും കൂടെയുണ്ടായിരുന്നില്ല.
സ്ഥിതി വഷളായതിനെ തുടർന്ന് ആശുപത്രി അധികൃതർ ബന്ധുക്കളെ വിവരമറിയിച്ചെങ്കിലും മൂന്ന് മക്കളടക്കം ആരും തിരിഞ്ഞ് നോക്കിയില്ല. രോഗം ഭേദമായപ്പോഴും അച്ഛനെ തിരിച്ച് കൊണ്ട് പോകണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതർ മക്കളെ സമീപിച്ചിട്ടും ആരുമെത്തിയില്ല. ആശുപത്രി ജീവനക്കാരും വാർഡിലെ മറ്റ് രോഗികളും ചേർന്നാണ് നാരായണനെ പരിചരിച്ചിരുന്നത്.