പെട്രോൾവില 120ലേക്ക്: ആശ്വാസ നടപടികൾ ഒന്നു സ്വീകരിക്കാതെ കേന്ദ്രം


ന്യൂഡൽഹി: പെട്രോൾ-ഡീസൽ വില റോക്കറ്റുപോലെ മുകളിലേക്കു കുതിക്കുന്പോഴും യാതൊരുവിധ ആശ്വാസ നടപടികളും സ്വീകരിക്കാനുള്ള താത്പര്യം കേന്ദ്രസർക്കാർ കാണിക്കുന്നില്ല. മാത്രമല്ല വില വർധിക്കുന്നതിന്‍റെ പേരിൽ കൂട്ടിനിർത്തിയിരിക്കുന്ന നികുതി കുറയ്ക്കുന്നതിനെക്കുറിച്ചു സർക്കാർ ആലോചിക്കുന്നില്ലെന്നും പെട്രോളിയം മന്ത്രാലയം സൂചന നൽകി. ഇന്ധന നികുതി കുറച്ചതുകൊണ്ട് പ്രത്യേകിച്ചു പ്രയോജനമൊന്നുമില്ലെന്ന നിലപാടിലാണ് സർക്കാർ. ഇന്ധനവില വർധിക്കാൻ കാരണം എണ്ണ ഉത്പാദകരായ ഒപെക് പ്ലസ് രാജങ്ങൾ ഉത്പാദനം കൂട്ടാത്തതും ക്രൂഡോയിൽ വിലക്കയറ്റവുമാണ് വില വർധിക്കാൻ കാരണം. വൈകാതെ ഈ സ്ഥിതി മാറുന്പോൾ ഇന്ധനവില താഴുമെന്നുമാണ് കേന്ദ്രം പറയുന്നത്. അതുവരെ കാത്തിരിക്കുക എന്ന നിലപാടാണ് കേന്ദ്രസർക്കാർ പുലർത്തുന്നത്.

അതേസമയം, രാജ്യത്തെ ഇന്ധനവില അതിവേഗം 120 രൂപയിലേക്കു നീങ്ങുകയാണ്. രാജസ്ഥാനിലെ ശ്രീഗംഗാ നഗറിൽ ഇന്നലെ പെട്രോൾ വില 39 പൈസകൂടി വർധിച്ച്119.73 രൂപയായി. ഡീസൽ വില 40 പൈസ കൂടി 110.62 രൂപയും ആയി. ഇന്ത്യയിൽ ഇന്ധനവില ഏറ്റവും കൂടുതൽ ഉള്ള സ്ഥലമാണ് ശ്രീഗംഗാ നഗർ. കേരളത്തിൽ വില നൂറ്റിപ്പത്തിലേക്കാണ് കുതിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില 109 കടന്നു. ഇന്നലെ 35 പൈസ കൂടി 109.14 ആയി. ഡീസലിന് 102.77. ഈ മാസം ഇതുവരെ മാത്രം പെട്രോളിന് 5.26 രൂപയും ഡീസലിന് 6.06 രൂപയും കൂടി. അതേസമയം, അന്താരാഷ്‌ട്ര തലത്തിൽ ഇന്ധനവില കൂടുന്നതുകൊണ്ടാണ് ഇവിടെയും കൂടുന്നതെന്ന കേന്ദ്രസർക്കാർ വാദം ജനവഞ്ചനയാണെന്ന ആരോപണമാണ് പ്രതിപക്ഷം അടക്കം ഉയർത്തുന്നത്. കാരണം അന്താരാഷ്‌ട്ര വിലയിൽ വൻ ഇടിവ് ഉണ്ടായപ്പോൾ അതിന്‍റെ ആനുകൂല്യം ജനങ്ങൾക്കു നൽകാതെ നികുതി കൂട്ടിക്കൊണ്ടിരുന്ന കേന്ദ്രസർക്കാർ എന്നാൽ വില വർധനയുണ്ടായപ്പോൾ കൂട്ടിയ നികുതി കുറയ്ക്കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അവർ ആരോപിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed