കുഞ്ഞിനെ വിട്ടുകിട്ടാൻ സെക്രട്ടറിയേറ്റ് പടിക്കൽ നിരാഹാര സമരവുമായി അനുപമ


തിരുവനന്തപുരം: ‌നഷ്ടപ്പെട്ട കുഞ്ഞിനെ തിരികെ ലഭിക്കാൻ അമ്മ അനുപമ നിരാഹാര സമരത്തിലേക്ക്. സെക്രട്ടറിയേറ്റ് പടിക്കലാണ് അനുപമ നിരാഹാര സമരം ആരംഭിച്ചത്. ഇന്ന് രാവിലെ പത്തോടെയാണ് അനുപമ സമരം ആരംഭിച്ചത്. വനിതാ കമ്മീഷന്‍ ആസ്ഥാനത്തിന് മുന്നിലും പ്രതിഷേധിക്കുമെന്ന് അനുപമ അറിയിച്ചിരുന്നു. പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടു. വനിതാകമ്മീഷൻ നടപടികളിലും വിശ്വാസമില്ലെന്നും അനുപമ പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ച് മൂന്നാം ദിവസം ബന്ധുക്കള്‍ വന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നായിരുന്നു മുൻ എസ്എഫ്ഐ നേതാവ് അനുപമയുടെ പരാതി. സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേല്‍പിക്കാം എന്ന് അച്ഛനും അമ്മയും പറഞ്ഞിരുന്നു. കുഞ്ഞിനെ തന്‍റെ ബന്ധുക്കൾ എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് കഴിഞ്ഞ ഏപ്രിൽ 19ന് അനുപമ പേരൂർക്കട പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ആറ് മാസത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്. സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടിരുന്നു. എന്നാൽ എഴുതിക്കിട്ടിയ പരാതിയിലേ നടപടി എടുക്കാനാകൂ എന്നായിരുന്നു സിഡബ്ല്യുസി ചെയർപേഴ്സന്‍റെ വാദം. ഇത് മന്ത്രി തള്ളിയിരുന്നു. പോലീസ് ശിശുക്ഷേമ സമിതിയിൽ വിവരങ്ങൾ തേടിയെങ്കിലും ദത്തിന്‍റെ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് സമിതി മറുപടി നൽകുകയായിരുന്നു.

സംഭവത്തിൽ ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു. തന്‍റെ കുഞ്ഞിനെ നഷ്ടമായ സംഭവത്തില്‍ സിപിഎം നേതാക്കളുടെ ഇടപെടലുണ്ടെന്നാണ് മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകയായ അനുപമ ആരോപിക്കുന്നത്. അജിത്തുമായി പ്രണയത്തിലായത് മുതല്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നുവെന്നും ഗര്‍ഭിണിയായപ്പോള്‍ മുതല്‍ കുട്ടിയെ നശിപ്പിക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നുവെന്നും അനുപമ വെളിപ്പെടുത്തിയിരുന്നു.

You might also like

  • Straight Forward

Most Viewed