ഇടിമിന്നലിൽ അസമിൽ 18 ആനകൾ ചെരിഞ്ഞു


ദിസ്പുർ: അസമിലെ നാഗാവ് ജില്ലയിൽ പതിനെട്ട് ആനകളെ ഇടിമിന്നലേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ജീവൻ നഷ്ടമായ നിലയിൽ ആനകളെ കണ്ടെത്തിയത്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെ ബുധനാഴ്ച രാത്രിയാണ് ദാരുണസംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ഇടിമിന്നലിൽ നിന്നുണ്ടായ വൈദ്യുതപ്രവാഹമാണ് ആനകളുടെ ജീവൻ കവർന്നതെന്നാണ് പ്രാഥമികനിഗമനമെന്ന് സംസ്ഥാന വനംവകുപ്പ് സൂചന നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കൃത്യമായ കാരണത്തെ കുറിച്ചും കൂടുതൽ ആനകൾ അപകടത്തിൽ പെട്ടിട്ടുണ്ടോയെന്ന കാര്യവും വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാവൂ എന്നും വനം വകുപ്പ് അറിയിച്ചതായാണ് റിപ്പോർട്ടുകൾ. നാഗാവ് ഫോറസ്റ്റ് ഡിവിഷനിലെ കണ്ടോലി സംരക്ഷിത വനമേഖലയിലാണ് അപകടമുണ്ടായത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്നാണ് തങ്ങൾ സ്ഥലത്തെത്തിയതെന്നും ആനകളുടെ മൃതശരീരം പോസ്റ്റുമോർട്ടത്തിനയച്ചതായും വനം വകുപ്പുദ്യോഗസ്ഥൻ അറിയിച്ചു. പതിനാല് ആനകളെ ഒരു കുന്നിന്റെ മുകളിലും നാലെണ്ണത്തിനെ കുന്നിൻചുവട്ടിലുമാണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയതെന്ന് പ്രിൻസിപ്പൽ ചീഫ് കണ്സർവേറ്റർ ഓഫ് ഫോറസ്റ്റ് അമിത് സഹായി വ്യക്തമാക്കി.

സംഭവം ഹൃദയഭേദകമാണെന്ന് സംസ്ഥാന പരിസ്ഥിതി−വനം മന്ത്രി പരിമൾ ശുക്ലബൈദ്യ പ്രതികരിച്ചു. 

You might also like

  • Straight Forward

Most Viewed