യുപിഎസ്സി സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: അനുജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്; മലയാളികൾക്ക് തിളക്കമാർന്ന നേട്ടം
ശാരിക l ദേശീയം
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2025-ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാൻ സ്വദേശിയായ അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. ജോധ്പൂർ എയിംസിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ ഡോക്ടറാണ് അനുജ്. രണ്ടാം റാങ്ക് രാജേശ്വരി സുവേയും കരസ്ഥമാക്കി. ആകാൻഷ് ദുൽ, രാഘവ് ജുൻജുൻവാല, ഇഷാൻ ഭട്നാകർ എന്നിവർ യഥാക്രമം മൂന്ന്, നാല്, അഞ്ച് റാങ്കുകൾ നേടി.
മലയാളികൾ റാങ്ക് പട്ടികയിൽ മികച്ച പ്രകടനമാണ് ഇത്തവണയും കാഴ്ചവെച്ചത്. മലയാളി ഉദ്യോഗാർത്ഥിയായ എസ് ശ്രുതി 18-ാം റാങ്ക് നേടി തിളങ്ങി. തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെഎസ് ശ്രീജ 57-ാം റാങ്കും കോഴിക്കോട് സ്വദേശി അജയ് ആർ രാജ് 109-ാം റാങ്കും നേടി. ജന്മനാ കാഴ്ചാപരിമിതിയുള്ള ഭിന്നശേഷി വിഭാഗത്തിൽ നിന്നുള്ള അജയ് ആർ രാജിന്റെ നേട്ടം പട്ടികയിലെ ഏറ്റവും തിളക്കമുള്ള ഒന്നായി മാറി. കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ (KAS) രണ്ടാം റാങ്ക് നേടിയിരുന്ന സിദ്ധാർത്ഥ എം ജോയ് സിവിൽ സർവീസിൽ 271-ാം റാങ്കും, അതിഥി കൃഷ്ണദേവ് 451-ാം റാങ്കും കരസ്ഥമാക്കി.
പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിലൂടെ ഫലം പരിശോധിക്കാം. റാങ്ക് പട്ടികയിൽ ഇടംപിടിച്ചവരുടെ പേരും റോൾ നമ്പറും ഉൾപ്പെടുത്തിക്കൊണ്ടുള്ള പിഡിഎഫ് 'Final Result' എന്ന വിഭാഗത്തിൽ ലഭ്യമാണ്. 2025 മേയ് 25-ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് ഈ വർഷത്തെ സിവിൽ സർവ്വീസ് തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്. തുടർന്ന് ഓഗസ്റ്റ് 22 മുതൽ 31 വരെ മെയിൻ പരീക്ഷകൾ നടന്നു. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ അഭിമുഖം ഫെബ്രുവരി 27-നാണ് പൂർത്തിയായത്. അഭിമുഖം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ ഫലം പ്രസിദ്ധീകരിക്കുന്ന മുൻവർഷങ്ങളിലെ രീതി തന്നെയാണ് ഇത്തവണയും കമ്മീഷൻ പിന്തുടർന്നത്.
2024-ൽ ഏപ്രിൽ 17-ന് അഭിമുഖം അവസാനിച്ച ശേഷം ഏപ്രിൽ 22-ന് ഫലം വന്നിരുന്നു. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് അടക്കം 23 തസ്തികകളിലേക്കായി ആകെ 958 പേരാണ് ഇത്തവണ അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. തിരഞ്ഞെടുക്കപ്പെട്ടവർക്ക് കേഡർ അനുവദിക്കുന്നതിനായുള്ള തുടർനടപടികൾ ഉടൻ ആരംഭിക്കും. ഉദ്യോഗാർത്ഥികൾക്ക് ലഭിച്ച മാർക്കുകൾ പിന്നീട് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. മെറിറ്റ് അടിസ്ഥാനത്തിലാണ് പട്ടിക ക്രമീകരിച്ചിരിക്കുന്നത്.
sdfsf


