ഇറാൻ ആക്രമണം: 78 മിസൈലുകളും 143 ഡ്രോണുകളും തകർത്ത് ബഹ്‌റൈൻ; അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈന് നേരെ ഇറാൻ നടത്തുന്ന ക്രൂരമായ അക്രമണങ്ങളെ അതിശക്തമായി പ്രതിരോധിച്ച് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ്. ആക്രമണം ആരംഭിച്ചത് മുതൽ ഇതുവരെ ശത്രുക്കൾ തൊടുത്തുവിട്ട 78 മിസൈലുകളും 143 ഡ്രോണുകളും സൈന്യം വിജയകരമായി വെടിവെച്ചിട്ടതായി ജനറൽ കമാൻഡ് ഔദ്യോഗികമായി അറിയിച്ചു. രാജ്യത്തിന്റെ ആകാശസീമ സംരക്ഷിക്കുന്നതിൽ സൈന്യം പുലർത്തുന്ന അതീവ ജാഗ്രതയും പ്രവർത്തനക്ഷമതയും അഭിമാനകരമാണെന്ന് സൈനിക നേതൃത്വം വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണമെന്നും അത്യന്താപേക്ഷിതമായ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും പ്രതിരോധ സേന കർശന നിർദ്ദേശം നൽകി. തകർന്ന കെട്ടിടാവശിഷ്ടങ്ങൾ ഉള്ള സ്ഥലങ്ങളിൽ നിന്നോ സംശയാസ്പദമായ വസ്തുക്കളിൽ നിന്നോ പൂർണ്ണമായും വിട്ടുനിൽക്കണം. സൈനിക നീക്കങ്ങളുടെ ദൃശ്യങ്ങൾ പകർത്താനോ, മിസൈൽ അവശിഷ്ടങ്ങൾ വീണ സ്ഥലങ്ങളുടെ ചിത്രങ്ങൾ പ്രചരിപ്പിക്കാനോ പാടില്ല. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗിക സർക്കാർ മാധ്യമങ്ങളിലൂടെ വരുന്ന വിവരങ്ങളും മുന്നറിയിപ്പുകളും മാത്രം പിന്തുടരണമെന്നും ജനറൽ കമാൻഡ് അഭ്യർത്ഥിച്ചു.
ജനവാസ മേഖലകളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് ബഹ്‌റൈൻ വ്യക്തമാക്കി. വിവേചനരഹിതമായ ഇത്തരം ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ഏത് വെല്ലുവിളിയെയും നേരിടാൻ സൈന്യം സജ്ജമാണെന്നും രാജ്യം സുരക്ഷിതമാണെന്നും സൈനിക വൃത്തങ്ങൾ ഉറപ്പുനൽകി
adwswwwsdadsasd


