ഇറാൻ പരമോന്നത നേതാവിന്റെ നിര്യാണത്തിൽ ഇന്ത്യ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തി
ശാരിക l ദേശീയം
യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ നിര്യാണത്തിൽ ഇന്ത്യൻ സർക്കാർ ഔദ്യോഗികമായി അനുശോചനം അറിയിച്ചു. ന്യൂഡൽഹിയിലെ ഇറാൻ എംബസിയിലെത്തിയ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അനുശോചന പുസ്തകത്തിൽ ഒപ്പുവെക്കുകയും ഇന്ത്യൻ സർക്കാരിന്റെ ദുഃഖം എംബസി ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. രാഷ്ട്രീയ തലത്തിൽ വലിയ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് വിദേശകാര്യ സെക്രട്ടറി നേരിട്ടെത്തി ആദരമർപ്പിച്ചത്.
ഫെബ്രുവരി 28 ശനിയാഴ്ച നടന്ന വ്യോമാക്രമണത്തിൽ ഖാംനഈക്കൊപ്പം അദ്ദേഹത്തിന്റെ മകളും മരുമകനും കൊച്ചുമക്കളും കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മൻസൂറ ഹജസ്ത മാർച്ച് രണ്ടിനാണ് മരണമടഞ്ഞത്. ഈ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്നും ഇറാനുമായുള്ള നയതന്ത്ര ബന്ധത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇന്ത്യ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.
ആക്രമണത്തിന് പിന്നാലെ ഗൾഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കും എംബസികൾക്കും നേരെ ഇറാൻ പ്രത്യാക്രമണം നടത്തിയതോടെ മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്.
ിുുി


