കോവിഡ് വ്യാപനം രൂക്ഷം: കൂടുതൽ നിയന്ത്രണങ്ങൾ വരുമെന്ന് കേജരിവാൾ

ന്യൂഡൽഹി: സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. നിലവിലെ സ്ഥിതിയിൽ ലോക്ഡൗൺ ഏർപ്പെടുത്തുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം രോഗവ്യാപനം രൂക്ഷമാകുന്ന ഈ സാഹചര്യത്തിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് വാക്‌സിനേഷൻ പ്രക്രിയ വേഗത്തിലാക്കും. കൂടാതെ വാക്‌സിൻ നൽകുന്നതിൽ നിന്ന് പ്രായപരിധി ഒഴിവാക്കുമെന്നും അരവിന്ദ് കേജരിവാൾ അറിയിച്ചു.
കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സ്‌കൂളുകളും കോളേജുകളും അടഞ്ഞ് കിടക്കുമെന്ന് കേജരിവാൾ പറഞ്ഞു. കൂടാതെ സംസ്ഥാനത്ത് മാർക്കറ്റകുൾ, ഓഫീസുകൾ, പൊതുസ്ഥലങ്ങൾ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.
ടെസ്റ്റിംഗ്, ട്രേസിംഗ്, ചെറിയ കണ്ടെയ്‌മെന്റ് സോണുകളായി തിരിച്ചുള്ള ചികിത്സാ രീതികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നിർദ്ദേശവും മുഖ്യമന്ത്രി നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 8,521 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിൽ കൊറോണ രോഗികളുടെ എണ്ണം 5000ത്തിന് മുകളിലാണ്. മരണ നിരക്കിലും വർദ്ധനവുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.