എൻ.സി.ഇ.ആർ.ടിയുടെ പുതിയ സാമൂഹ്യശാസ്ത്ര പാഠപുസ്തകം വീണ്ടും വിവാദത്തിൽ
ശാരിക
ന്യൂഡൽഹി: ഒൻപതാം ക്ലാസിലെ പുതിയ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ ദേവിമാരിൽ നിന്ന് വാൾ ലഭിച്ച രാജാക്കന്മാരെക്കുറിച്ചുള്ള പരാമർശങ്ങൾ ഉൾപ്പെടുത്തിയത് വിവാദമാകുന്നു. ചൊവ്വാഴ്ച പുറത്തിറങ്ങിയ 'അണ്ടർസ്റ്റാൻഡിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട് - ഭാഗം 2' എന്ന പുസ്തകത്തിലെ 'റെസിസ്റ്റൻസ് ആൻഡ് റെസിലിയൻസ്' എന്ന അധ്യായത്തിലാണ് ഇതുസംബന്ധിച്ച പരാമർശങ്ങളുള്ളത്.
ഏഴാം നൂറ്റാണ്ട് മുതൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നടന്ന തുടർച്ചയായ അധിനിവേശങ്ങളെ ചെറുക്കാൻ പല രാജാക്കന്മാരും കാളി, ദുർഗ, ഭവാനി തുടങ്ങിയ ദേവിമാരിൽ നിന്ന് ലഭിച്ച വാളുകൾ ഉപയോഗിച്ചിരുന്നതായി പുസ്തകത്തിൽ വാദിക്കുന്നു. ബസ്തറിലെ അന്നമരാജാവിന് മാണിക്യദേവിയിൽ നിന്നും, വിജയനഗരത്തിലെ കുമാര കമ്പണയ്ക്ക് മധുര സുൽത്താനേറ്റിനെതിരെ പോരാടാൻ ദേവിയിൽ നിന്നും, ചത്രപതി ശിവജിക്ക് തുളജാ ഭവാനി ദേവിയിൽ നിന്നും വാൾ ലഭിച്ചതായി വിശ്വസിക്കപ്പെടുന്നതാണ് പുസ്തകത്തിൽ ഉദാഹരിക്കുന്നത്. അറബ്, തുർക്കി, മുഗൾ, യൂറോപ്യൻ സേനകൾക്കെതിരെയുള്ള പ്രാദേശിക ചെറുത്തുനിൽപ്പുകൾ വിവരിക്കുന്നതിനൊപ്പം, മുഗളന്മാർ സിഖ് ഗുരുക്കന്മാരോട് കാണിച്ച ക്രൂരതയ്ക്ക് ചരിത്രത്തിൽ സമാനതകളില്ലെന്നും അധ്യായത്തിൽ വ്യക്തമാക്കുന്നു.
അധ്യയന വർഷം ആരംഭിച്ച് ആറുമാസങ്ങൾക്ക് ശേഷമാണ് രണ്ടാം ഭാഗം പുറത്തിറക്കിയതെന്നതും വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ, സെക്കൻഡറി തലത്തിലെ സാമൂഹ്യശാസ്ത്ര പഠനം കുട്ടികളിൽ വിമർശനാത്മക അന്വേഷണവും വിശകലന ശേഷിയും വളർത്താനാണ് ലക്ഷ്യമിടുന്നതെന്നും, ആ രീതിയിലാണ് പുസ്തകം തയാറാക്കിയിരിക്കുന്നതെന്നും എൻ.സി.ഇ.ആർ.ടി മേധാവി ദിനേഷ് പ്രസാദ് സക്ലാനി വിശദീകരിച്ചു.
fsdf

