ഇലക്ഷൻ കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാ മുന്നണി
ശാരിക
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം അഞ്ച് മഹാറാലികൾ സംഘടിപ്പിക്കും. ഒക്ടോബർ ആറിന് പ്രതിപക്ഷ എം.പിമാർ ഒന്നടങ്കം തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് ഡൽഹിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ കളിപ്പാവയാക്കി മാറ്റിയെന്ന് ഖാർഗെ കുറ്റപ്പെടുത്തി. ഇ.വി.എമ്മിന് പകരം ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങണമെന്ന ആവശ്യത്തിൽ ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായി മുന്നോട്ടുപോകും. ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്ന വിഷയം ഉന്നയിച്ച് ഒക്ടോബർ രണ്ടാം വാരത്തിൽ പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിയെ കാണും. വോട്ട് തട്ടിയെടുത്താണ് ബി.ജെ.പി ജയിക്കുന്നതെന്നും ഇത് ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 2 മുതൽ 8 വരെ രാജ്യത്തെ മുഴുവൻ ജില്ലാ ആസ്ഥാനങ്ങളിലും ധർണ നടത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനത്ത് വൻ ബഹുജന റാലി സംഘടിപ്പിക്കുമെന്നും ഇന്ത്യാ മുന്നണി നേതൃത്വം വ്യക്തമാക്കി.
sdfsdf

