ബീഹാർ തിരഞ്ഞെടുപ്പ്: ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

പട്ന: ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. തെക്കൻ ബീഹാറിലെ 71 മണ്ഡലങ്ങളിലാണ് പോളിംഗ്. 2.14 കോടി വോട്ടർമാർ 1066 സ്ഥാനാർത്ഥികളുടെ വിധി നിർണയിക്കും. മുൻ മുഖ്യമന്ത്രിയും എച്ച്.എ.എം നേതാവുമായ ജതിൻ റാം മാഞ്ചി, ഷൂട്ടിംഗ് താരം ശ്രേയസി സിംഗ് എന്നിവരും, നിതീഷ് കുമാർ മന്ത്രിസഭയിലെ ആറു മന്ത്രിമാരും ഇന്ന് ജനവിധി തേടുന്നുണ്ട്.
71 സീറ്റില്‍ ജെ.ഡി.യു. 35 ഇടത്തും, ബി.ജെ.പി. 29 സീറ്റുകളിലും, ആര്‍.ജെ.ഡി. 42 സീറ്റുകളിലും, കോണ്‍ഗ്രസ് 29 ഇടത്തും മത്സരിക്കുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ വോട്ടെടുപ്പ് നടപടി ക്രമങ്ങൾക്ക് പ്രത്യേക മാർഗനിർദേശങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയിട്ടുണ്ട്.
കൊവിഡ് രോഗികൾക്ക് അവസാന മണിക്കൂറിൽ വോട്ടു ചെയ്യാൻ അവസരമുണ്ട്. 80 വയസിന് മുകളിലുള്ളവർക്ക് പോസ്റ്റൽ വോട്ടും അനുവദിച്ചിട്ടുണ്ട്.രണ്ടാം ഘട്ടം നവംബർ മൂന്നിന് 94 മണ്ഡലങ്ങളിലും, മൂന്നാംഘട്ടം ഏഴിന് 78 മണ്ഡലങ്ങളിലും നടക്കും. നവംബർ പത്തിനാണ് ഫലപ്രഖ്യാപനം.