ശിവശങ്കറിന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, അറസ്റ്റിലേക്ക്?

കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. കസ്റ്റംസിന്റെ ഇഡിയുടെയും എതിർ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. സ്വാധീന ശേഷിയുള്ള ശിവശങ്കറിന് മുൻകൂർ ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജൻസികളുടെ വാദം ജസ്റ്റിസ് അശോക് മേനോൻ അംഗീകരിക്കുകയായിരുന്നു.
അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നതുൾപ്പെടെ നിരവധി ഗുരുതരമായ ആരോപണങ്ങളായിരുന്നു എൻഫോഴ്സ്മെന്റ് കഴിഞ്ഞ തവണ വാദത്തിനിടെ കോടതിയിൽ ഉയർത്തിയിരുന്നത്. മാത്രമല്ല ശിവശങ്കറിനെതിരായ തെളിവുകൾ മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടി വരുമെന്ന് കസ്റ്റംസും കോടതിയെ അറിയിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചു. വഞ്ചിയൂരിലെ സ്വകാര്യ ആശുപത്രിയിൽ ആയുർവേദ ചികിത്സയിലാണ് ശിവശങ്കറിപ്പോഴുള്ളത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാഹചര്യവും നിലനിൽക്കുന്നുണ്ട്.