ഭീകര സംഘടനകളുടെ പള്ളികളുൾ‍പ്പെടെ 964 സ്വത്തുക്കൾ‍ കണ്ടുകെട്ടി പാകിസ്ഥാൻ


ഇസ്ലാമാബാദ്: ഫിനാൻഷ്യൽ‍ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിന്റെ കരിന്പട്ടികയിൽ‍ നിന്നും രക്ഷപ്പെടാനുള്ള പരിശ്രമങ്ങൾ‍ക്ക് വേഗം കൂട്ടി പാകിസ്ഥാൻ. നിരോധിത ഭീകര സംഘടനായ ജമാ അത്ത് ഉദ് ദവയുടെയും, ജയ്‌ഷെ മുഹമ്മദിന്റെയും സ്വത്തുക്കൾ‍ കണ്ടുകെട്ടി. 964 സ്വത്തുക്കളാണ് പാക് സർ‍ക്കാർ‍ കണ്ടുകെട്ടിയത്.

എഫ്.എ.ടി.എഫ് നൽ‍കിയ ആക്ഷൻ‍ പ്ലാനിലെ 27ാമത് നിർ‍ദ്ദേശമാണ് ഭീകര സംഘടനകളുടെ സ്വത്തുക്കൾ‍ കണ്ടുകെട്ടുക എന്നത്. പിടിച്ചെടുത്ത സ്വത്തുക്കളിൽ‍ 907 എണ്ണം ജമാ അത്ത് ഉദ ദവയുടെയും ബാക്കി 57 എണ്ണം ജെയ് ഷെ മുഹമ്മദിന്റെയുമാണ്.

ഭീകര സംഘടനകളുടെ സ്വത്തുക്കൾ‍ പിടിച്ചെടുത്ത വിവരം പാക് പാർ‍ലമെന്ററികാര്യ സഹമന്ത്രി അലി മുഹമ്മദ് ഖാൻ പ്രസ്താവനയിലൂടെയാണ് അറിയിച്ചത്. 2019 ൽ‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരമാണ് നടപടിയെന്നാണ് പ്രസ്താവനയിൽ‍ പാക് സർ‍ക്കാർ‍ വ്യക്തമാക്കുന്നത്.

ഇരു ഭീകര സംഘടനകളുടേതുമായി 75 സ്‌കൂളുകൾ‍, 383 പള്ളികളും സെമിനാരികളും, 186 ഡിസ്‌പെന്‍സറികൾ‍, 15 ആശുപത്രികൾ‍, 62 ആംബുലന്‍സുകൾ‍, മൂന്ന് ദുരന്തനിവാരണ ഓഫീസ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഇതിന് പുറമേ കൃഷിസ്ഥലവും വാഹനങ്ങളും കണ്ടുകെട്ടിയിട്ടുണ്ട്.

ജമാ അത്ത് ഉദ് ദവയുടെ ഉടമസ്ഥതയിലുള്ള 611 സ്വത്തുക്കൾ‍ പിടിച്ചെടുത്തത് പഞ്ചാബിൽ‍ നിന്നാണ്. ഖൈബർ‍ പക്തുഖ്വയിൽ‍ നിന്ന്108 ഉം, സിന്ധിൽ‍ നിന്ന് 80ഉം സ്വത്തുക്കൾ‍ പാക് സർ‍ക്കാർ‍ കണ്ടുകെട്ടിയിട്ടുണ്ട്. ഇതിന് പുറമേ ആസാദിൽ‍ നിന്നും 61 ഉം, ബാലൂചിസ്ഥാനിൽ‍ നിന്നും 80 ഉം ഇസ്ലാമാബാദിൽ‍ നിന്നും 17 ഉം സ്വത്തുക്കൾ‍ പിടിച്ചെടുത്തു.

പഞ്ചാബിൽ‍ നിന്നും ജെയ്‌ഷെ മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള എട്ട് സ്വത്തുക്കളും, ഖൈബർ‍ പക്തുഖ്വയിൽ‍ നിന്ന് 29 സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്. ഇതിന് പുറമേ ആസാദിൽ‍ നിന്നും 12 സ്വത്തുക്കളും, ഇസ്ലാമാബാദിൽ‍ നിന്നും നാൽ സ്വത്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed