സുപ്രീം കോടതി വിധി അനുസരിച്ച് ഒരു രൂപ പിഴ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷൺ
ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ സുപ്രീം കോടതി വിധി അനുസരിച്ച് പിഴ അടയ്ക്കുമെന്ന് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഒരു രൂപ പിഴ അടയ്ക്കാൻ തയാറാണ്. കോടതിയോട് അങ്ങേയറ്റത്തെ ബഹുമാനമാണ് ഉള്ളതെന്നും പ്രശാന്ത് ഭൂഷൺ മാധ്യമങ്ങളോട് പറഞ്ഞു.
ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് സുപ്രീം കോടതി. കോടതി ദുർബലമായാൽ ഓരോ പൗരനെയും ബാധിക്കുമെന്നും ഭൂഷൺ വ്യക്തമാക്കി. കേസിൽ പുനഃപരിശോധനാ, തിരുത്തൽ ഹർജികൾ നൽകുമെന്നും സത്യം വിജയിക്കുമെന്ന് തനിക്ക് ആത്മവിശ്വാസം ഉണ്ടെന്നും ഭൂഷൺ പറഞ്ഞു. ഭൂഷണിന് ഒരു രൂപ പിഴ ശിക്ഷയാണ് സുപ്രീം കോടതി രാവിലെ വിധിച്ചത്. ജസ്റ്റീസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. സെപ്റ്റംബർ 15നകം പിഴ ശിക്ഷ പ്രശാന്ത് ഭൂഷൺ അടയ്ക്കണമെന്നും ഇല്ലെങ്കിൽ മൂന്നു മാസം തടവ് അനുഭവിക്കേണ്ടി വരുമെന്നും കോടതി അറിയിച്ചു.

