ഡിജിറ്റൽ യുഗത്തിലേക്ക് സൽമാനിയ ഹോസ്പിറ്റൽ: മെഡിക്കൽ റിക്കോർഡുകൾ ഏകോപിപ്പിക്കാൻ പുതിയ സംവിധാനം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ സർക്കാർ ആശുപത്രികളെ ഏകോപിപ്പിച്ചുകൊണ്ട് ആരോഗ്യ സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ വൽക്കരിക്കുന്നതിൻ്റെ ഭാഗമായി സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലഫ്റ്റനന്റ് ജനറൽ ഡോ. ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് സന്ദർശിച്ചു. രോഗികൾക്ക് വേഗത്തിലും കാര്യക്ഷമമായും ചികിത്സ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളുടെ പുരോഗതി അദ്ദേഹം വിലയിരുത്തി.
ഡിജിറ്റൽവൽക്കരണത്തിന്റെ ഭാഗമായി സർക്കാർ ആശുപത്രികളിൽ നടപ്പിലാക്കുന്ന പുതിയ ഇലക്ട്രോണിക് മെഡിക്കൽ റിക്കോർഡ് മാനേജ്‌മെന്റ് സിസ്റ്റമായ 'MAK-RMS' പദ്ധതിയുടെ പ്രവർത്തനങ്ങൾ അദ്ദേഹം പ്രത്യേകം നിരീക്ഷിച്ചു. സുരക്ഷിതമായ ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമിലൂടെ എല്ലാ സർക്കാർ ആശുപത്രികളെയും ബന്ധിപ്പിക്കുന്നതാണ് ഈ സംവിധാനം. ഇതുവഴി അനുമതി ലഭിച്ച മെഡിക്കൽ ജീവനക്കാർക്ക് രോഗികളുടെ മുൻകാല ചികിത്സാ വിവരങ്ങൾ വേഗത്തിൽ ലഭ്യമാകും. ചികിത്സയിലെ കൃത്യത ഉറപ്പാക്കാനും നടപടിക്രമങ്ങൾ വേഗത്തിലാക്കാനും ഈ മാറ്റം സഹായിക്കും.
ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിനും രോഗികൾക്ക് സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനുമായി നടപ്പിലാക്കുന്ന വിവിധ പരിഷ്കാരങ്ങളെക്കുറിച്ചും അദ്ദേഹത്തിന് വിശദീകരിച്ചു കൊടുത്തു. സന്ദർശന വേളയിൽ ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ, അൽ-ഫത്തേ കെട്ടിടത്തിലെ ക്ലിനിക്കുകൾ, അപകട-അടിയന്തിര വിഭാഗം എന്നിവിടങ്ങളിൽ അദ്ദേഹം നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. അടിയന്തിര വിഭാഗത്തിൽ രോഗികളുടെ മുൻഗണന നിശ്ചയിക്കുന്ന രീതിയും ചികിത്സ വൈകാതെ ലഭ്യമാക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികളും അദ്ദേഹം പരിശോധിച്ചു.
ആരോഗ്യമേഖലയുടെ ഗുണനിലവാരം ഉയർത്തുന്നതിന് ഡിജിറ്റൽ സാങ്കേതികവിദ്യയിലും അടിസ്ഥാന സൗകര്യങ്ങളിലും നടത്തുന്ന നിക്ഷേപങ്ങൾ അത്യാവശ്യമാണെന്ന് ഡോ. ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ഇലക്ട്രോണിക് ആരോഗ്യ സംവിധാനങ്ങളും ഓട്ടോമേഷനും സംയോജിതവും സുസ്ഥിരവുമായ പൊതുജനാരോഗ്യ മേഖല സൃഷ്ടിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ടെന്ന് ഗവൺമെന്റ് ഹോസ്പിറ്റൽസ് സി.ഇ.ഒ ഡോ. മറിയം അദ്ബി അൽ ജലാഹമ അഭിപ്രായപ്പെട്ടു. സേവനങ്ങൾ കൂടുതൽ സുതാര്യവും വേഗത്തിലുമാക്കുകയാണ് ഈ സാങ്കേതിക മുന്നേറ്റത്തിന്റെ പ്രധാന ലക്ഷ്യം.
ആരോഗ്യസേവന രംഗത്ത് പ്രതിദിനം മികച്ച സേവനം കാഴ്ചവെക്കുന്ന മെഡിക്കൽ, നഴ്സിംഗ്, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരുടെ പ്രഫഷണലിസത്തെയും സമർപ്പണത്തെയും സന്ദർശനവേളയിൽ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
sdsadfs

