പ്രതിരോധ സഹകരണവും വികസന പദ്ധതികളും ചർച്ച ചെയ്ത് ബഹ്‌റൈൻ മന്ത്രിസഭാ യോഗം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ പ്രതിവാര മന്ത്രിസഭാ യോഗം ഗുദൈബിയ കൊട്ടാരത്തിൽ ചേർന്നു. രാജ്യത്തിന്റെ പ്രതിരോധം, പ്രാദേശിക സുരക്ഷ, സാമ്പത്തിക വികസനം തുടങ്ങിയ മേഖലകളിൽ സുപ്രധാനമായ നിരവധി തീരുമാനങ്ങൾക്ക് യോഗം അംഗീകാരം നൽകി.
ബഹ്‌റൈനിൽ സംഘടിപ്പിച്ച 'ബഹ്‌റൈൻ ഷീൽഡ്' സംയുക്ത സൈനിക അഭ്യാസത്തെയും അതിൽ പങ്കെടുത്ത സായുധ സേനയുടെ സുപ്രീം കമാൻഡറായ ഹമദ് ബിൻ ഈസാ അൽ ഖലീഫ രാജാവിന്റെ സാന്നിധ്യത്തെയും മന്ത്രിസഭ പ്രശംസിച്ചു. ജി.സി.സി രാജ്യങ്ങളുടെ കൂട്ടായ സുരക്ഷയും പ്രതിരോധ സംയോജനവും ലക്ഷ്യമിട്ടുള്ള സുപ്രധാന നീക്കമാണിതെന്ന് വിലയിരുത്തിയ യോഗം, ചടങ്ങിൽ രാജാവ് നടത്തിയ പ്രസംഗത്തെയും അഭിനന്ദിച്ചു.
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയുമായി രാജാവ് നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും മന്ത്രിസഭ പരാമർശിച്ചു. ഈജിപ്ത് സന്ദർശന വേളയിൽ രാജാവിനും സംഘത്തിനും ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് യോഗം നന്ദി രേഖപ്പെടുത്തി.
പത്താമത് 'പ്രൈം മിനിസ്റ്റേഴ്സ് അവാർഡ് ഫോർ ജേണലിസം' വിജയികളെ മന്ത്രിസഭ അഭിനന്ദിച്ചു. മാധ്യമ രംഗത്തെ മികവ് ഉയർത്തുന്നതിലും മാധ്യമപ്രവർത്തകരുടെ വളർച്ചയെ പിന്തുണയ്ക്കുന്നതിലും ഈ പുരസ്കാരത്തിനുള്ള പങ്ക് യോഗത്തിൽ ചൂണ്ടിക്കാണിച്ചു.
അന്താരാഷ്ട്ര യുവജന ദിനത്തോട് അനുബന്ധിച്ച്, രാജ്യത്തെ യുവാക്കൾക്ക് മികച്ച അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാരിനുള്ള പ്രതിബദ്ധത മന്ത്രിസഭ ആവർത്തിച്ചു. യുവജന മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ എന്നിവരുടെ ശ്രമങ്ങളെയും യോഗം അഭിനന്ദിച്ചു.
സൗദി അറേബ്യയ്ക്കും വാണിജ്യ കപ്പലുകൾക്കും നേരെ ഇറാൻ പിന്തുണയുള്ള ഹൂതി മിലിഷ്യകൾ നടത്തുന്ന മിസൈൽ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭാ രക്ഷാസമിതി അംഗങ്ങൾ പുറപ്പെടുവിച്ച പ്രസ്താവനയെ ബഹ്‌റൈൻ സ്വാഗതം ചെയ്തു. നജ്‌റാനിലെ സാധാരണക്കാർക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ ഹൂതികൾ നടത്തിയ ആക്രമണത്തെ മന്ത്രിസഭ ശക്തമായി അപലപിച്ചു.
വിവിധ സർക്കാർ സമിതികളും മന്ത്രിമാരും സമർപ്പിച്ച ശുപാർശകൾ പരിഗണിച്ച് പ്രധാനപ്പെട്ട ഭരണപരമായ തീരുമാനങ്ങൾക്കും പദ്ധതികൾക്കും യോഗം അംഗീകാരം നൽകി. രാജ്യത്തിന്റെ വികസന ആവശ്യങ്ങൾ മുൻനിർത്തിയുള്ള മുൻഗണനാ കരട് നിയമങ്ങളും ജനങ്ങൾക്ക് നേരിട്ട് പ്രയോജനകരമാകുന്ന നടപടികളും ഇതിൽ ഉൾപ്പെടുന്നു. സർക്കാർ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും പ്രവർത്തനമികവും വർദ്ധിപ്പിക്കുന്നതിനായുള്ള പുനഃസംഘടനയ്ക്കും യോഗം അനുമതി നൽകി.
ധനകാര്യ മേഖലയിൽ 2025 സാമ്പത്തിക വർഷത്തെ ബഹ്‌റൈന്റെ ഏകീകൃത അന്തിമ അക്കൗണ്ടുകളും അന്തിമ ഫലങ്ങളും മന്ത്രിസഭ വിലയിരുത്തി അംഗീകരിച്ചു. കൂടാതെ, അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബഹ്‌റൈൻ മുനിസിപ്പാലിറ്റി അഫയേഴ്‌സ് ആൻഡ് അഗ്രികൾച്ചർ മന്ത്രാലയവും ദക്ഷിണ കൊറിയൻ കൃഷി മന്ത്രാലയവും തമ്മിൽ സ്മാർട്ട് അഗ്രികൾച്ചർ രംഗത്തെ സഹകരണത്തിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ തീരുമാനമായി.
ക്യാപിറ്റൽ മുനിസിപ്പാലിറ്റിയും സൈപ്രസിലെ ലാർനാക്ക മുനിസിപ്പാലിറ്റിയും തമ്മിൽ സഹോദര നഗര ബന്ധം (Twinning Relationship) സ്ഥാപിക്കുന്നതിനുള്ള കരാറിനും മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ജനപ്രതിനിധി സഭ (കൗൺസിൽ ഓഫ് റെപ്രസെന്റേറ്റീവ്സ്) സമർപ്പിച്ച നിരവധി നിർദ്ദേശങ്ങൾക്കുള്ള സർക്കാരിന്റെ ഔദ്യോഗിക മറുപടിയും യോഗം തയാറാക്കി.
dbddfg

