അമേരിക്കൻ സൈനികർ ഇറാൻ മണ്ണിൽ കാലുകുത്തിയാൽ തടയും: കമാൻഡർ അലി ജഹാൻഷാഹി
ഷീബ വിജയൻ
ഇറാനിൽ സൈനിക ഇടപെടലുണ്ടായാൽ അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ കരസേനാ കമാൻഡർ ബ്രിഗേഡിയർ ജനറൽ അലി ജഹാൻഷാഹി താക്കീത് നൽകി. ഏതെങ്കിലും അമേരിക്കൻ സൈനികർ ഇറാൻ മണ്ണിൽ കാലുകുത്തിയാൽ അവരെ ശക്തമായി തടയുമെന്നും അദ്ദേഹം വ്യക്തമാക്കി. ശത്രുവിന്റെ ഏത് നീക്കത്തിനും ശക്തവും പ്രതിരോധാത്മകവുമായ മറുപടി നൽകാൻ ഇറാൻ സൈന്യം സജ്ജമാണ്. രാജ്യത്തിന്റെ അതിർത്തികളിൽ കരസേന പൂർണ യുദ്ധസജ്ജതയിലാണ് നിലകൊള്ളുന്നത്. അതിർത്തിയിലെ സൈനിക നീക്കങ്ങളും ഭീഷണികളും സൈന്യം നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ജഹാൻഷാഹി കൂട്ടിച്ചേർത്തു.
അതേസമയം, അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾ നിലവിൽ നടക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്യദ് അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. വിവിധ ഇടനിലക്കാർ വഴിയാണ് ഇരുരാജ്യങ്ങളും നിലവിൽ സന്ദേശങ്ങൾ കൈമാറുന്നത്. അമേരിക്കയുമായി വീണ്ടും നേരിട്ടുള്ള ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപ്, മുൻപുണ്ടായ കരാർ ലംഘനങ്ങൾക്കെല്ലാം അവർ കൃത്യമായ മറുപടി നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇറാനും ഒമാനും തമ്മിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ അമേരിക്കയിൽനിന്നുള്ള നഷ്ടപരിഹാരം ഉൾപ്പെടെയുള്ള ചില വ്യവസ്ഥകൾ പാലിച്ചാൽ മാത്രമേ കടലിടുക്ക് വീണ്ടും തുറന്നുകൊടുക്കുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെ മുൻപ് ഉപയോഗിച്ചിരുന്ന ഗതാഗത സംവിധാനം ഇനി അംഗീകരിക്കാനാകില്ലെന്നാണ് ഇറാന്റെ നിലപാട്. പുതിയ ഗതാഗതപാത നടപ്പിലാക്കുന്നതിന് സാങ്കേതികവും നിയമപരവുമായ നിരവധിയായ നടപടികൾ ആവശ്യമാണെന്നും അരാഗ്ചി കൂട്ടിച്ചേർത്തു.
sffdfdfsdf

