700 കിലോഗ്രാം കേബിൾ കവർച്ച: മൂന്ന് ഏഷ്യൻ സ്വദേശികൾക്ക് ബഹ്റൈനിൽ അഞ്ച് വർഷം തടവും നാടുകടത്തലും


പ്രദീപ് പുറവങ്കര

മനാമ: സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ച് ബന്ധനസ്ഥനാക്കിയ ശേഷം ഗോഡൗണിൽ നിന്ന് 700 കിലോഗ്രാം ഭാരമുള്ള ഇലക്ട്രിക് കേബിളുകൾ കവർന്ന കേസിൽ മൂന്ന് ഏഷ്യൻ സ്വദേശികൾക്ക് അഞ്ച് വർഷം തടവുശിക്ഷ വിധിച്ചു. ഹൈ ക്രിമിനൽ കോടതിയുടേതാണ് ഉത്തരവ്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതികളെ ബഹ്‌റൈനിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. 36, 36, 24 വയസ്സുള്ള യുവാക്കളാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്.

റാസ് സുവായ്ദിലെ കമ്പനി ഗോഡൗണിലായിരുന്നു സിനിമാറ്റിക് രീതിയിലുള്ള കവർച്ച നടന്നത്. പുലർച്ചെ രണ്ട് മണിയോടെ സെക്യൂരിറ്റി മുറിയിൽ അതിക്രമിച്ചു കയറിയ മുഖംമൂടി ധരിച്ച രണ്ടുപേർ 37-കാരനായ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് നാലുപേർ കൂടി സംഘത്തോടൊപ്പം ചേർന്ന് ജീവനക്കാരനെ കസേരയിൽ കെട്ടിയിടുകയും പ്രധാന കവാടത്തിന്റെ താക്കോൽ അപഹരിക്കുകയും ചെയ്തു.

ഗോഡൗണിന്റെ പൂട്ട് തകർത്ത് 700 കിലോഗ്രാമോളം വരുന്ന ഇലക്ട്രിക് വയറുകൾ കൈക്കലാക്കിയ ശേഷം സെക്യൂരിറ്റി ജീവനക്കാരനെ മുറിക്കുള്ളിൽ പൂട്ടിയിട്ടാണ് സംഘം കടന്നുകളഞ്ഞത്. രാവിലെ ഏഴ് മണിയോടെ മറ്റൊരു ജീവനക്കാരൻ എത്തുമ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ, ചില ഏഷ്യൻ സ്വദേശികൾ സ്ക്രാപ്പ് കടയിൽ വൻതോതിൽ ഇലക്ട്രിക് വയറുകൾ വിൽക്കാൻ ശ്രമിക്കുന്നതായി രഹസ്യവിവരം ലഭിച്ചു. കവർച്ച ചെയ്ത കേബിളുകൾ കിലോയ്ക്ക് 1.800 ദിനാർ നിരക്കിൽ വിൽപന നടത്താൻ ശ്രമിക്കവേയാണ് പ്രതികൾ പൊലീസിന്റെ വലയിലായത്. സ്ഥലത്തെത്തിയ പൊലീസ് സംഘം മൂന്ന് പ്രതികളെ സംഭവസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തു. ഇവരുടെ കൂടെയുണ്ടായിരുന്ന നാലാമൻ ഓടി രക്ഷപ്പെട്ടു. കവർച്ചയ്ക്കായി ഉപയോഗിച്ച ബസ്സ് തിരിച്ചറിയാതിരിക്കാൻ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചതായി പൊലീസ് പരിശോധനയിൽ കണ്ടെത്തി.

article-image

reert

You might also like

  • Lulu Exchange
  • Straight Forward

Most Viewed