24 മണിക്കൂറും പ്രവർത്തിക്കുന്ന ദന്തൽ അടിയന്തിര ചികിത്സാ കേന്ദ്രങ്ങൾ വേണമെന്ന് ബഹ്റൈൻ പാർലിമെന്റ് എം.പി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ എല്ലാ ഗവർണറേറ്റുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന ദന്തൽ അടിയന്തിര ചികിത്സാ വിഭാഗങ്ങൾ ആരംഭിക്കണമെന്ന ആവശ്യവുമായി എം.പി ജലാൽ കാസിം. എന്നാൽ, നിലവിലുള്ള സംവിധാനങ്ങൾ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ പര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ ഈ നിർദ്ദേശം തള്ളി.

പകൽ സമയങ്ങളിൽ സങ്കീർണ്ണമായ പല്ലുവേദനയും മറ്റ് ബുദ്ധിമുട്ടുകളുമായി എത്തുന്ന രോഗികളുടെ വർദ്ധനവ്, അപ്പോയിന്റ്മെന്റുകൾ ലഭിക്കാനുള്ള വൈകിപ്പ്, സ്വകാര്യ ക്ലിനിക്കുകളിലെ ഉയർന്ന ചെലവ് എന്നിവ കണക്കിലെടുത്താണ് എം.പി ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. സാധാരണക്കാരായ ജനങ്ങൾക്ക് സ്വകാര്യ മേഖലയിലെ ചികിത്സാച്ചെലവുകൾ താങ്ങാൻ കഴിയില്ലെന്നും, 24 മണിക്കൂറും സൗജന്യ ദന്തൽ സേവനം ലഭ്യമാക്കുന്നത് ജനങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, കൂടുതൽ പ്രാദേശിക ദന്തഡോക്ടർമാർക്ക് ജോലി നൽകാൻ ഈ പദ്ധതി വഴി സാധിക്കുമെന്നും രാജ്യത്തെ ഭരണഘടന ഉറപ്പുനൽകുന്ന ആരോഗ്യ അവകാശങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം വാദിച്ചു.

എന്നാൽ പദ്ധതിയെക്കുറിച്ച് പഠനം നടത്തിയ സർക്കാർ, നിലവിലെ ആരോഗ്യ സംവിധാനം ഇത്തരം ആവശ്യങ്ങൾ നിറവേറ്റാൻ പ്രാപ്തമാണെന്ന് അറിയിച്ചു. രാജ്യത്തെ ഒമ്പത് പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങൾ നിലവിൽ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും, വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും ഇവ ലഭ്യമാണെന്നും സർക്കാർ വ്യക്തമാക്കി.

സാധാരണ ദന്തൽ ക്ലിനിക്കുകൾ അടഞ്ഞിരിക്കുന്ന സമയങ്ങളിൽ എത്തുന്ന അടിയന്തിര കേസുകൾ കൈകാര്യം ചെയ്യാൻ ഈ കേന്ദ്രങ്ങളിലെ ജനറൽ പ്രാക്ടീഷണർമാർക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്. ആവശ്യമായ മരുന്നുകൾ നൽകാനും, ഗുരുതരമായ കേസുകൾ കൂടുതൽ വിദഗ്ദ്ധ ചികിത്സയ്ക്കായി സർക്കാർ ആശുപത്രികളിലെ എമർജൻസി വിഭാഗത്തിലേക്ക് മാറ്റാനും ഇവർക്ക് സാധിക്കുമെന്നും സർക്കാർ വിശദീകരിച്ചു.

article-image

asdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed