ആർ.എസ്.എസിനെ നിയമത്തിന് കീഴിൽ കൊണ്ടുവരുമെന്ന് കർണാടക സർക്കാർ


ഷീബ വിജയൻ

ആർ.എസ്‌.എസിനെതിരെ നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്ന് കർണാടക സർക്കാർ നടപടിയെടുക്കുമെന്ന് കർണാടക ഐ.ടി, ഗ്രാമവികസന മന്ത്രി പ്രിയങ്ക് ഖാർഗെ വ്യക്തമാക്കി. സംഘടനയുടെ ചരിത്രവും പ്രവർത്തനങ്ങളും പഠിച്ചുവരികയാണെന്നും തുടർനടപടികൾ അതിനുശേഷം തീരുമാനിക്കുമെന്നും അദ്ദേഹം ബംഗളൂരുവിൽ പറഞ്ഞു.

ആർ.എസ്‌.എസിന്റെ രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഉന്നയിച്ച് ആർ.എസ്‌.എസ് മേധാവി മോഹൻ ഭാഗവതിന് കത്തയച്ചിരുന്നെങ്കിലും മറുപടി ലഭിച്ചില്ല. എന്നാൽ സർക്കാർ മുന്നോട്ട് വച്ച പദ്ധതികളുമായി മുന്നോട്ടുപോകും. ഇതുവരെ നിയമപരമായ ചട്ടക്കൂടിന് പുറത്ത് പ്രവർത്തിച്ച സംഘടനയെ നിയമവ്യവസ്ഥയ്ക്ക് കീഴിൽ കൊണ്ടുവരും. കത്തിന് മറുപടി പ്രതീക്ഷിച്ചിരുന്നില്ലെന്നും, ആർ.എസ്‌.എസിന് സ്വന്തം ചരിത്രത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലെന്നും ഖാർഗെ പരിഹസിച്ചു.

മറ്റുള്ളവർക്ക് ദേശസ്നേഹത്തിന്റെയും രാജ്യദ്രോഹത്തിന്റെയും സർട്ടിഫിക്കറ്റ് നൽകാൻ സ്വന്തമായി രജിസ്ട്രേഷൻ പോലുമില്ലാത്ത ആർ.എസ്‌.എസിന് എന്ത് അധികാരമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. നൂറാം വാർഷികത്തോടനുബന്ധിച്ച് സംഘടനയുടെ നിയമപരമായ പദവി, ഫണ്ട്, ആസ്തികൾ എന്നിവ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഖാർഗെ മുൻപ് തുറന്ന കത്തയച്ചത്. കർണാടകയിൽ മാത്രം 60,000-ത്തിലധികം ശാഖകളുള്ള പ്രസ്ഥാനത്തിന് സുതാര്യത വേണമെന്നാണ് അദ്ദേഹത്തിന്റെ വാദം.

എന്നാൽ ഈ കത്ത് രാഷ്ട്രീയ പ്രേരിതമാണെന്നും മറുപടി നൽകേണ്ടതില്ലെന്നുമായിരുന്നു മോഹൻ ഭാഗവതിന്റെ നിലപാട്. ഹിന്ദുധർമ്മം രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ആർ.എസ്‌.എസ് പരസ്യമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. എന്നാൽ ആർ.എസ്‌.എസ് നിലപാടിൽ തുടരുകയാണെങ്കിൽ സംസ്ഥാനത്ത് സംഘടനകൾക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിക്കൊണ്ട് പുതിയ നിയമനിർമാണം നടത്താൻ സർക്കാർ ആലോചിച്ചേക്കുമെന്ന് ഖാർഗെ സൂചിപ്പിച്ചു.

article-image

qADSDSDS

You might also like

  • Lulu Exchange
  • Straight Forward

Most Viewed