ആറുമാസത്തിനിടെ 3,300-ലേറെ ഇന്ത്യക്കാരെ പുറത്താക്കി കാനഡ
ഷീബ വിജയൻ
അനധികൃതമായി കുടിയേറിയതിന്റെ പേരിൽ 2026-ന്റെ ആദ്യ ആറുമാസത്തിനിടെ കാനഡ നാടുകടത്തിയത് 3,323 ഇന്ത്യക്കാരെയെന്ന് കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ (CBSA) കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ആറ് വർഷത്തെ റെക്കോർഡ് മറികടക്കുന്നതാണ് ഈ കണക്കുകൾ. 2025-ൽ ആകെ 3,779 ഇന്ത്യക്കാരെ പുറത്താക്കിയ സ്ഥാനത്താണ് ഈ വർഷം ആദ്യ പകുതിയിൽ തന്നെ ഇതിന്റെ 88 ശതമാനത്തോളം പേരെ നാടുകടത്തിയത്.
നിലവിൽ നാടുകടത്തൽ കാത്തിരിക്കുന്ന പട്ടികയിലും ഇന്ത്യക്കാരാണ് മുന്നിൽ. 7,669 ഇന്ത്യക്കാരാണ് ഈ നടപടി നേരിടാനായി കാത്തിരിക്കുന്നത്. കാനഡ തങ്ങളുടെ കുടിയേറ്റ നിയമങ്ങൾ കർശനമാക്കുകയും അന്താരാഷ്ട്ര വിദ്യാർത്ഥികൾ, താൽക്കാലിക തൊഴിലാളികൾ എന്നിവരുടെ എണ്ണം കുറയ്ക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഈ നീക്കം. കുടിയേറ്റ നിയമലംഘനം, വിസ കാലാവധി കഴിഞ്ഞിട്ടും തുടരൽ, വിസ തട്ടിപ്പ്, അപേക്ഷകൾ നിരസിക്കപ്പെടൽ എന്നിവയാണ് പ്രധാന കാരണങ്ങൾ.
തൊട്ടുപിന്നിലുള്ള മെക്സിക്കോയിൽ നിന്ന് 1,573 പേരെ മാത്രമാണ് ഈ കാലയളവിൽ നാടുകടത്തിയത്. കഴിഞ്ഞ അഞ്ച് വർഷവും ഈ പട്ടികയിൽ മെക്സിക്കോ ആയിരുന്നു ഒന്നാമത്. എന്നാൽ 2020-ന് ശേഷം (1,424 പേർ) ആദ്യമായാണ് ഇന്ത്യ വീണ്ടും ഒന്നാം സ്ഥാനത്തെത്തുന്നത്. സി.ബി.എസ്.എ കണക്കുപ്രകാരം 2021-ൽ 603, 2022-ൽ 786, 2023-ൽ 1,132, 2024-ൽ 2,004 എന്നിങ്ങനെയായിരുന്നു നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം.
ഡിപ്പാർച്ചർ ഓർഡർ ലഭിക്കുന്നയാൾ 30 ദിവസത്തിനകം സ്വമേധയാ രാജ്യം വിട്ടില്ലെങ്കിൽ അത് ഡിപോർട്ടേഷൻ ഓർഡറായി മാറും. എക്സ്ക്ലൂഷൻ ഓർഡർ വഴി ഒന്നു മുതൽ അഞ്ചു വർഷം വരെയും, ഡിപോർട്ടേഷൻ ഓർഡർ വഴി പ്രത്യേക അനുമതിയില്ലാതെ എന്നെന്നേക്കുമായി കാനഡയിൽ പ്രവേശിക്കുന്നതിനും വിലക്കുണ്ടാകും. അതേസമയം, യു.എസ് ഈ വർഷം ജനുവരി 1-നും ജൂലൈ 22-നും ഇടയിൽ നാടുകടത്തിയ 1,273 ഇന്ത്യക്കാരുടെ എണ്ണത്തേക്കാൾ രണ്ടിരട്ടിയിലധികമാണ് കാനഡയിലെ ഇപ്പോഴത്തെ കണക്കുകൾ.
dsfdfdfs

