2026 ആദ്യ അഞ്ച് മാസങ്ങളിൽ ബഹ്‌റൈനിൽ കാർഡ് ഇടപാടുകൾ 1.69 ശതകോടി ദിനാറിലെത്തി


പ്രദീപ് പുറവങ്കര

മനാമ: 2026-ൻ്റെ ആദ്യ അഞ്ച് മാസങ്ങളിൽ ബഹ്‌റൈനിലെ ഉപഭോക്താക്കൾ കാർഡുകൾ വഴി ആകെ 1.69 ശതകോടി (169 കോടി) ബഹ്‌റൈൻ ദിനാർ ചെലവഴിച്ചതായി സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ കണക്കുകൾ വ്യക്തമാക്കുന്നു. ആകെ തുകയിൽ വലിയ മാറ്റമില്ലെങ്കിലും, മേഖലയിലെ യുദ്ധഭീതിയും പ്രതിസന്ധികളും കാരണം ജനങ്ങളുടെ ചെലവഴിക്കൽ മുൻഗണനകളിൽ പ്രകടമായ വ്യതിയാനം ഉണ്ടായിട്ടുണ്ട്.

മാർച്ച് മാസത്തിൽ മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് അനാവശ്യ ചെലവുകൾ ചുരുക്കി ജനങ്ങൾ ഭക്ഷണസാധനങ്ങൾ ശേഖരിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, മെയ് മാസത്തോടെ വിപണി സാധാരണ നിലയിലാവുകയും റസ്റ്റോറൻ്റുകൾ, ഷോപ്പിംഗ്, യാത്ര, വിനോദം എന്നിവയിലേക്ക് തുക വൻതോതിൽ ഒഴുകുകയും ചെയ്തു.

മേഖലയിലെ യുദ്ധ സാഹചര്യങ്ങൾ വിതരണ ശൃംഖലയെ ബാധിച്ചേക്കുമെന്ന ആശങ്കയെ തുടർന്ന് മാർച്ച് മാസത്തിൽ ജനങ്ങൾ മുൻകൂട്ടി കൂടുതൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങിയിരുന്നു. ഫെബ്രുവരിയിൽ 343.6 ദശലക്ഷം ദിനാറായിരുന്ന ആകെ കാർഡ് ഇടപാടുകൾ മാർച്ചിൽ 311 ദശലക്ഷം ദിനാറായി കുറഞ്ഞെങ്കിലും (9.5 ശതമാനം ഇടിവ്), സൂപ്പർമാർക്കറ്റുകളിലെയും റസ്റ്റോറൻ്റുകളിലെയും ചെലവഴിക്കൽ കുത്തനെ ഉയർന്നു.

മാർച്ചിൽ സൂപ്പർമാർക്കറ്റുകളിൽ 49 ദശലക്ഷം ദിനാറും (9.1 ശതമാനം വർദ്ധന) റസ്റ്റോറൻ്റുകളിൽ 27.2 ദശലക്ഷം ദിനാറും (6.7 ശതമാനം വർദ്ധന) കാർഡുകൾ വഴി ചെലവഴിച്ചു. ആകെ ഇടപാടുകളുടെ നാലിലൊന്നും (24.5 ശതമാനം) ഈ വിഭാഗങ്ങളിലാണ് നടന്നത്. രാജ്യത്ത് ആവശ്യത്തിന് ഭക്ഷ്യശേഖരമുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയതോടെ പിന്നീട് സാഹചര്യം മാറി.

മെയ് മാസത്തോടെ സൂപ്പർമാർക്കറ്റ് ചെലവഴിക്കലുകൾ 45.2 ദശലക്ഷമായി കുറയുകയും റസ്റ്റോറൻ്റുകളിലെ ചെലവഴിക്കൽ 37 ദശലക്ഷം ദിനാറായി ഉയരുകയും ചെയ്തു (36.3 ശതമാനം വർദ്ധന). അതോടൊപ്പം ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷങ്ങളും യാത്രാ സീസണും അടുത്തതോടെ വിപണിയിൽ വൻ മുന്നേറ്റമുണ്ടായി.

വസ്ത്രങ്ങളും പാദരക്ഷകളും വാങ്ങാൻ ഏപ്രിലിലെ 10 ദശലക്ഷത്തിൽ നിന്ന് മേയിൽ 15.3 ദശലക്ഷം ദിനാറായി തുക ഉയർന്നു (53.3 ശതമാനം വർദ്ധന). ആഭരണ വിപണിയിൽ 6.4 ദശലക്ഷത്തിൽ നിന്ന് 9.4 ദശലക്ഷമായി തുക വർദ്ധിച്ചു. ട്രാവൽ മേഖലയിലെ ഇടപാടുകൾ 2.56 ദശലക്ഷമായി ഉയർന്നപ്പോൾ, വിനോദ-ടൂറിസം മേഖലയിലെ ചെലവഴിക്കൽ 2.38 ദശലക്ഷത്തിൽ നിന്ന് 4.6 ദശലക്ഷം ദിനാറായി ഇരട്ടിക്കുകയാണുണ്ടായത് (93.3 ശതമാനം വർദ്ധന). കൂടാതെ വാഹന വിൽപ്പന, സർവീസ് വിഭാഗങ്ങളിൽ 24.75 ദശലക്ഷം ദിനാറിന്റെ ഇടപാടുകൾ നടന്നു.

അഞ്ച് മാസത്തെ ആകെ കണക്കെടുത്താൽ സർക്കാർ സേവനങ്ങൾക്കാണ് കാർഡുകൾ വഴി കൂടുതൽ തുക അടയ്ക്കപ്പെട്ടത്. 433.5 ദശലക്ഷം ദിനാറാണ് സർക്കാർ സേവനങ്ങൾക്കായി ചെലവഴിച്ചത്, ഇത് ആകെ തുകയുടെ 25.7 ശതമാനമാണ്. കോടതി ഫീസുകൾ, നികുതികൾ, പിഴകൾ, മറ്റ് സർക്കാർ സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

മറ്റു പ്രധാന മേഖലകളിൽ ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് 216.5 ദശലക്ഷവും സൂപ്പർമാർക്കറ്റുകളിൽ 216.3 ദശലക്ഷവും റസ്റ്റോറൻ്റുകളിൽ 146.3 ദശലക്ഷം ദിനാറും ചെലവഴിച്ചു. വാഹന ആവശ്യങ്ങൾക്കായി 113.7 ദശലക്ഷവും ആരോഗ്യ മേഖലയിൽ 69.5 ദശലക്ഷം ദിനാറുമാണ് അഞ്ച് മാസത്തിനിടെ വിനിയോഗിക്കപ്പെട്ടത്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed