നിരോധിച്ച മരുന്നുകളുമായി വിമാനത്താവളത്തിൽ പിടിയിലായ ഈജിപ്ഷ്യൻ സ്വദേശിക്ക് ബഹ്റൈനിൽ 5 വർഷം തടവും നാടുകടത്തലും
പ്രദീപ് പുറവങ്കര
മനാമ: നിരോധിച്ച 'പ്രിഗാബാലിൻ' മരുന്നുകൾ വിൽപനയ്ക്കായി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച കേസിൽ 40-കാരനായ ഈജിപ്ഷ്യൻ കസ്റ്റമർ സർവീസ് മാനേജർക്ക് ഹൈ ക്രിമിനൽ കോടതി അഞ്ച് വർഷം തടവും 3,000 ബഹ്‌റൈൻ ദിനാർ പിഴയും വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ ബഹ്‌റൈനിൽ നിന്ന് സ്ഥിരമായി നാടുകടത്താനും പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
2026 ഫെബ്രുവരി 10-നായിരുന്നു കേസിനാസ്പദമായ സംഭവം. ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രതിയുടെ ലഗേജ് പരിശോധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർ ഫുഡ് സപ്ലിമെന്റുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ 193 പ്രിഗാബാലിൻ ഗുളികകൾ കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇയാളുടെ പാന്റിന്റെ പോക്കറ്റിലുണ്ടായിരുന്ന മറ്റൊരു കണ്ടെയ്നറിൽ നിന്ന് 162 ഗുളികകൾ കൂടി പിടിച്ചെടുത്തു.
ഈജിപ്തിൽ നിന്ന് 250 ദിനാർ പ്രതിഫലത്തിന് സുഹൃത്തിനായാണ് ഇവ കൊണ്ടുവന്നതെന്നാണ് പ്രതി അന്വേഷണ സംഘത്തോട് ആദ്യം പറഞ്ഞത്. എന്നാൽ, കുറഞ്ഞ വിലയ്ക്ക് വിദേശത്തുനിന്ന് വാങ്ങി ബഹ്‌റൈനിൽ ഉയർന്ന വിലയ്ക്ക് വിൽക്കാനാണ് ഇയാൾ മരുന്നുകൾ എത്തിച്ചതെന്ന് പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിൽ വ്യക്തമായി. ശാസ്ത്രീയ ലാബ് പരിശോധനയിൽ പിടിച്ചെടുത്ത ഗുളികകൾ മാനസിക വ്യതിയാനമുണ്ടാക്കുന്ന 'പ്രിഗാബാലിൻ' ഇനത്തിൽപ്പെട്ട മരുന്നാണെന്ന് സ്ഥിരീകരിച്ചു.
dffsf

